ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ മാറ്റം വരുത്താതെ സമ്പന്ന വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഖജനാവിലെത്തിച്ച് വരുമാനം ഉറപ്പുവരുത്തുന്ന സാമ്പത്തിക തന്ത്രമാണ് ധനമന്ത്രി ജെയ്റ്റ്ലി ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുളളവരില്‍ നിന്ന് ഈടാക്കി വരുന്ന സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ജെയ്റ്റ്ലി ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് നികുതിയില്‍ മൂവായിരം രൂപ ഇളവ് നല്‍കും. നേരത്തെ 2000 രൂപ ഇളവ് നല്‍കിയിരുന്ന സ്ഥാനത്ത് 5000 രൂപയാക്കി വര്‍ധിപ്പിക്കുകയായിരുന്നു. ഇടത്തരം ശമ്പളക്കാര്‍ക്ക് തീരുമാനം ഗുണം ചെയ്യും. രണ്ട് കോടി നികുതി ദായകര്‍ക്ക് തീരുമാനം പ്രയോജനപ്പെടും.
സ്വന്തമായി വീടില്ലാത്തവര്‍ക്കും ശമ്പളത്തില്‍ വീട്ടുവാടക അലവന്‍സ് നല്‍കാത്തവര്‍ക്കും ആദായ നികുതിയില്‍ നല്‍കിയിരുന്ന ഇളവ് 60000 രൂപയാക്കി ഉയര്‍ത്തി. നേരത്തെ 24,000 രൂപയായിരുന്നു ഇവര്‍ക്ക് ഇളവ് അനുവദിച്ചിരുന്നത്. വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവര്‍ക്ക് ഇത് ആശ്വാസമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 35 ലക്ഷം രൂപ വരെ വായ്പയെടുത്ത് വീട് വാങ്ങുന്നവര്‍ക്ക് വായ്പാ പലിശയില്‍ അന്‍പതിനായിരം രൂപ വരെ ഇളവ് നല്‍കും. അന്‍പത് ലക്ഷം രൂപയില്‍ താഴെയുളള വീട് വാങ്ങുന്നവര്‍ക്കും ആദ്യ തവണ വീട് വാങ്ങുന്നവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക.
ചെറിയ ഡീസല്‍ കാറുകള്‍ക്ക് 2.5 ശതമാനവും വലിയ കാറുകള്‍ക്ക് 4.5 ശതമാനവും സെസ് ഏര്‍പ്പെടുത്തി. എല്‍പിജി സിഎന്‍ജി കാറുകള്‍ക്ക് ഒരു ശതമാനമാണ് സെസ്. വെള്ളി ഒഴികെയുളള ജ്വല്ലറി ആഭരണങ്ങള്‍ക്കും ബീഡി ഒഴികെയുളള പുകയിലെ ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരും. ബീഡി ഒഴികെയുളള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെയാണ് എക്സൈസ് നികുതി ഉയര്‍ത്തിയിരിക്കുന്നത്.