കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്ഫോടനവും വെടിവെയ്പും. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കോണ്‍സുലേറ്റിന് സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് വെടിവെയ്പും ഉണ്ടായി. അഞ്ച് തീവ്രവാദികള്‍ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയും അഫ്ഗാന് സുരക്ഷാസേനയും നടത്തിയ പ്രത്യാക്രമണത്തില്‍ നാല് തീവ്രവാദികളെ വധിച്ചു.
ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യന്‍ കോണ്സുലേറ്റായിരുന്നു ചാവേര്‍ ലക്ഷ്യമെന്നും എന്നാല്‍ എല്ലാവരും സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രദേശം അഫ്ഗാന് സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ കോണ്സുലേറ്റിനെക്കൂടാതെ മറ്റ് നിരവധി വിദേശരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ചാവേര്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുവരുകയും ചെയ്തതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ജനുവരിയില്‍ വടക്കന്‍ അഫ്ഗാന് നഗരമായ മസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്കും തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.