ന്യൂഡല്‍ഹി: പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് ചിലരുടെ അപകര്‍ഷതാബോധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സര്‍ക്കാരിനെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് പാര്‍ലമെന്റ് തടസപ്പെടുത്തുന്നതിലൂടെ പ്രതിപക്ഷം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ വീക്ഷണവും വൈദഗ്ധ്യവും ഒന്നും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാകുന്നില്ല. ഇതും അപകര്‍ഷതാബോധത്തിന്റെ പരിധിയില്‍ വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ലുകള്‍ പാസാക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും സര്‍ക്കാര്‍ ചോദ്യം ചെയ്യപ്പെടാനും സര്‍ക്കാരിന്റെ നിലാട് വിശദീകരിക്കാനുമുള്ള വേദിയാണ് പാര്‍ലമെന്റെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
പ്രതിപക്ഷ നിരയില്‍ നിരവധി പേര്‍ക്ക് കാര്യങ്ങള്‍ സംസാരിക്കണമെന്നുണ്ട്. എന്നാല്‍ മറ്റുളളവരെ കരുതി അവരും പിന്മാറുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യവും അന്ധവിശ്വാസവും ഉള്‍പ്പെടെയുളള ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴും രാജ്യത്ത് നേരിടാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസത്തിനും ജലസംരക്ഷണത്തിനും സാമൂഹ്യ ഉത്തരവാദിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.