കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാനാണ് പി. ജയരാജന് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് സിബിഐ. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുളള അപേക്ഷ പരിഗണിക്കവേയാണ് തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നിലപാട് വ്യക്തമാക്കിയത്.
ദിവസവും പതിന്നാലോളം മരുന്നുകള്‍ കഴിക്കുന്ന ജയരാജന് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ സിബിഐയുടെ കസ്റ്റഡിയില്‍ വിടരുതെന്നും ജയരാജന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സിബിഐ.
മൂന്ന് ആശുപത്രികളില്‍ പരിശോധന നടത്തിയിട്ടും ജയരാജന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നും ജയരാജനെ ചോദ്യം ചെയ്യാന്‍ മൂന്ന് ദിവസം ആവശ്യമാണെന്നും സിബിഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സിബിഐയുടെ അപേക്ഷ ചൊവ്വാഴ്ച വിധി പറയാന്‍ മാറ്റി.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് പി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയാണെന്നും വിദഗ്ധ പരിശോധന വേണമെന്നും ആവശ്യപ്പെട്ടാണ് ജയരാജന് ആശുപത്രിയില്‍ തുടരുന്നത്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘവും തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍മാരും പരിശോധിച്ചതില്‍ നിന്ന് ജയരാജന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു.