കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്ഐക്കും പൊലീസുകാര്‍ക്കുമെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് ബിനീഷിനെയും സ്റ്റേഷനിലെത്തിയ ബിജെപി പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച സംഭവത്തിലാണ് കൊട്ടാരക്കര എസ്ഐ ശിവപ്രസാദിനെതിരേ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
നേരത്തെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന് കൊട്ടാരക്കര സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബിനീഷ് ഇടപെട്ടതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ വരവെ കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയില്ലെന്ന കാരണം പറഞ്ഞാണ് കൊട്ടാരക്കര എസ്ഐ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബിനീഷിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ബൈക്ക് ഓടിച്ചയാളെ വെറുതെവിട്ട പോലീസ് പിന്നിലിരുന്ന ബിനീഷിനെ മാത്രം പിടികൂടുകയായിരുന്നു.
പൊലീസ് വാഹനത്തില്‍ വച്ചും പിന്നീട് സ്റ്റേഷനിലെത്തിച്ചും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ബിനീഷിനെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെയാണ് സെല്ലിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായത്. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചു.
വിവരമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥിതി സംഘര്‍ഷത്തിന്റെ വക്കിലെത്തി. പൊലീസ് മര്‍ദ്ദനത്തില്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് രാജേഷ്, ബിജെപി നേതാവും ജനപ്രതിനിധിയുമായ സന്തോഷ് എന്നിവര്‍ക്കും, 8 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ലാത്തികൊണ്ടുള്ള അടിയേറ്റ് രാജേഷിന് തലയ്ക്കും സന്തോഷിന്റെ ചെവിക്കുമാണ് പരിക്കു പറ്റിയത്.
കൃത്യനിര്‍വഹണത്തിനിടെ മൂന്നാംമുറ പ്രയോഗിക്കുന്നതിന്റെ പേരില്‍ കൊട്ടാരക്കര എസ്ഐക്ക് എതിരെ ഇതിന് മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ അഞ്ചല്‍ സ്റ്റേഷനില്‍ സേവനമനുഷ്ഠിക്കുമ്പോഴും ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പ്രതാപന്, പുനലൂര്‍ ജില്ല കാര്യവാഹ് ജയപ്രകാശ്, സഹകാര്യവാഹ് അനില്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.