കോഴിക്കോട്: ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി സദാചാരഗുണ്ടകള്‍ ആക്രമിച്ച അമ്മയ്ക്കും മകനും വധഭീഷണി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വധഭീഷണിയുണ്ടായത്. അതിനിടെ നിസ്സാര വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ആരോപണം ഉണ്ട്.
ശിവരാത്രി ആഘോഷത്തിന് ശേഷം ബൈക്കില്‍ മടങ്ങിയ നൃത്ത അധ്യാപിക ചെലവൂര്‍ സ്വദേശി കലാമണ്ഡലം ഷീബയ്ക്കും മകന് ജിഷ്ണുവിനും നേരെയാണ് കഴിഞ്ഞ ദിവസം രാത്രി് സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ആറംഗസംഘം തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും മകനെ മര്‍ദ്ദിച്ചശേഷം ഷീബയുടെ കൈയ്ക്ക് കയറി പിടിക്കുകയുമായിരുന്നു. ക്ഷേത്രത്തില്‍ നിന്നും മടങ്ങവെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോള്‍ മുതല്‍ സംഘം ഇവരെ പിന്തുടര്ന്നിരുന്നു.
സംഭവത്തില്‍ പന്തീരങ്കാവ് മാത്തറ ഇരിങ്ങല്ലൂര്‍ സ്വദേശികളായ ഷാമില്‍ അനീസ്, മുഹമ്മദ് സിനാജ്, സുബീഷ്, ജാഫര്‍ അസല്‍, ആസിഫ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഷീബ നല്കിയ ബൈക്ക് നമ്പര്‍ പിന്തുടര്ന്നാണ് ചോവായൂര്‍ പൊലീസ് പ്രതികളെ പിടിച്ചത്. എന്നാല്‍ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് കേസ് ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നു. ഇതും വിഫലമായതോടെയാണ് ഫോണിലൂടെ വധഭീഷണി എത്തിയത്. എന്നാല്‍ ഇനിയൊരു സ്ത്രീക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകരുതെന്നും അതുകൊണ്ട് കേസുമായി മുന്നോട്ടുപോകുമെന്നുമാണ് ഷീബയുടെയും കുടുംബത്തിന്റെയും നിലപാട്.