കൊച്ചി: അവയവദാനത്തിന്റെ മഹത്വം പകര്‍ന്ന് സംവിധായകന് മേജര്‍ രവി. മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് മേജര്‍ രവി പ്രഖ്യാപിച്ചു.
മരണശേഷം അവയവങ്ങള്‍ ദാനം ചെയ്തവരുടെ കുടുംബങ്ങളെ ആദരിക്കാന്‍ ചിറ്റിലപ്പളളി ഫൗണ്ടേഷന് കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയും മകനും അടങ്ങുന്ന കുടുംബം തന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മേജര്‍ രവി അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.
ചടങ്ങില്‍ പങ്കെടുത്ത നടി സുബി സുരേഷും അവയവദാനത്തിന് സമ്മതം അറിയിച്ചാണ് മടങ്ങിയത്. എഴുത്തുകാരന് സേതു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പളളി, ബെന്നി കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 33 കുടുംബങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.