മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം. ധർമശാലയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ – ന്യൂസിലൻഡിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും – ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാമത്തെ മത്സരം. ഇന്ത്യ – പാകിസ്ഥാൻ നിർണായക മത്സരം നാളെ കൊൽക്കത്തയിൽ നടക്കും.
വിജയത്തുടർച്ചയ്ക്ക് കീവിസ് നിര. ജയത്തോടെ തുടങ്ങാനുറച്ച് കങ്കാരുക്കൾ. ധർമശാലയിൽ ഇന്ന് തീപാറും പോരാട്ടം. ഇന്ത്യക്കെതിരെ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. സ്പിൻ പിച്ചിൽ മികവ് തെളിയിച്ച ബൗളിംഗ് നിര, ചെറുത്തുനിൽപ്പിന് കരുത്തുള്ള ബാറ്റിംഗ് നിര, ഓൾറൗണ്ട് മികവ്. കീവിസിന്റെ പ്രതീക്ഷകൾ ഇന്ന് ചിറക് വിടർത്തും. അരോൺ ഫിഞ്ചും, ഡേവിഡ് വാർണറും, സ്റ്റീവൻ സ്മിത്തും അണിനിരക്കുന്ന ബാറ്റിംഗ് നിരയാണ് ഓസിസിന്റെ കരുത്ത്. മത്സരം വൈകുന്നേരം മൂന്നിന് ആരംഭിക്കും.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് പോരാട്ടം. ലോകകപ്പിൽ കിരീട സാധ്യത കൽപ്പിക്കുന്ന പ്രോട്ടീസ് നിര ജയത്തോടെ തുടങ്ങാനുറച്ചാണ് ഇറങ്ങുന്നത്. ഓൾറൗണ്ട് മികവാണ് ഫാഫ് ഡു പ്ലസിസ് നയിക്കുന്ന പ്രോട്ടീസ് നിരയുടെ കരുത്ത്. എ.ബി ഡിവില്ലിയേഴ്സിന്റെ പ്രകടനം ആരാധകർ ഉറ്റുനോക്കുന്നു. ക്രിസ് ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിന് സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യം. കരുത്തുറ്റ പോരാട്ടത്തിനാകും ഇയാൻ മോർഗനും സംഘവും കോപ്പുകൂട്ടുക.