ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്കെതിരേ പാകിസ്ഥാന് തുടങ്ങിവെച്ച നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് ഇന്ത്യ. ഈ പരിശ്രമം പാകിസ്ഥാന് തുടരുമെന്നാണ് കരുതുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ശൂന്യമായ പ്രസ്താവനകളുടെ അടിസ്ഥാനത്തിലല്ല ഇന്ത്യയുടെ നടപടിയെന്നും വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും വികാസ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു. പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന് രൂപീകരിച്ച സംയുക്ത അന്വേഷണ സംഘത്തിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും വികാസ് സ്വരൂപ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും പരസ്പര ധാരണയോടെയാണ് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ നീട്ടിവെച്ചിരിക്കുന്നതെന്നും വികാസ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു. പത്താന്‍കോട്ട് ആക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ കൃത്യമായി വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന് അന്താരാഷ്ട്ര എയര്‍ലൈന്‍സിന്റെ ഡല്‍ഹിയിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ വസ്തുതകള്‍ പരിശോധിച്ച് നിയമപാലകര്‍ നടപടി സ്വീകരിക്കുമെന്നും വികാസ് സ്വരൂപ് പറഞ്ഞു.