ജീവന്റെ ഉത്ഭവം സമുദ്രത്തിൽ നിന്നാണെന്നാണ് ശാസ്ത്ര ലോകം പറയുന്നത് . മനുഷ്യൻ കടലിനോട് ഇപ്പോഴും അടങ്ങാത്ത അഭിനിവേശം പുലർത്തുന്നത് ചിലപ്പോൾ ഇതുകൊണ്ട് കൂടിയാകാം . കടലിനോട് അഭിനിവേശമുള്ളവർ മാത്രമല്ല കടലിൽ തന്നെ ജീവിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റുമുണ്ട് . അക്കൂട്ടത്തിലൊരു വർഗ്ഗമാണ് ബെജാവു.
മലേഷ്യൻ തീരത്ത് ജീവിക്കുന്ന നാടോടി വിഭാഗമായ ബെജാവു വർഗ്ഗക്കാർ കടലിൽ കുടിൽ കെട്ടിയാണ് ജീവിക്കുന്നത്. ഫിലിപ്പീൻസാണ് ജന്മദേശമെങ്കിലും മലേഷ്യ , ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ബെജാവു വർഗ്ഗക്കാർ കുടിയേറിയിട്ടുണ്ട്. ലെപ എന്ന സ്വയം നിർമ്മിത ബോട്ടിലാണ് ഈ വർഗ്ഗക്കാരുടെ സഞ്ചാരം.
ബെജാവു വർഗ്ഗക്കാർ കടൽ ജീവികളായതിന്റെ പിന്നിൽ ചില രസകരമായ ഐതിഹ്യങ്ങളുണ്ട് . ഇവർ കരയിൽ ഒരു രാജാവിന്റെ കീഴിൽ സുഖമായി ജീവിച്ചിരുന്നതാണത്രെ. എന്നാൽ ഒരിക്കൽ രാജാവിന്റെ മകളെ അന്യരാജ്യക്കാർ തട്ടിക്കൊണ്ട് പോയി . രാജകുമാരിയെ കണ്ടുപിടിക്കാൻ അയച്ച സൈനികർക്ക് പക്ഷേ അതിനു കഴിഞ്ഞില്ല . തിരിച്ച് രാജ്യത്തേക്ക് പോകാതെ കടലിൽ തന്നെ താമസിക്കാൻ തീരുമാനിച്ചവരുടെ സന്തതി പരമ്പരകളാണ് ഇപ്പോഴുള്ളതെന്നാണ് വിശ്വാസം.
ജോഹൊർ രാജ്യത്തിലെ രാജാവിന്റെ സുരക്ഷാഭടന്മാരായിരുന്നു ഇവർ .സുളു രാജ്യത്തെ ഭരണാധികാരിയുമായി വിവാഹം നടത്താൻ രാജകുമാരിയായ ദയാംഗ് അയിഷയുമായി യാത്രചെയ്യവേ ബ്രൂണെ സുൽത്താൻ രാജകുമാരിയെ തട്ടിക്കൊണ്ട് പോയി . രാജകുമാരിയെ നഷ്ടപ്പെട്ട രാജാവിന്റെ സുരക്ഷാ ഭടന്മാർ കടലിൽ തന്നെ താമസിക്കാൻ തീരുമാനിച്ചെന്നാണ് മറ്റൊരു കഥ. എന്തായാലും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ഇത്തരം കഥകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന പക്ഷക്കാരാണ് .
മുൻപ് കടൽക്കൊള്ളയിലും അടിമക്കച്ചവടത്തിലും പങ്കുള്ളവരായി ബെജാവു വർഗ്ഗക്കാരെ അറിയപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവെ ശാന്തശീലരും സമാധാന പ്രിയരുമാണിവർ . ജനങ്ങളിൽ നല്ലൊരു ശതമാനം നിരക്ഷരരാണ് . പക്ഷേ നല്ല ആതിഥേയമര്യാദയും സന്തോഷപ്രദമായ ജീവിതവും ഇവരുടെ പ്രത്യേകതകളാണ് .
മീൻപിടുത്തവും അനുബന്ധ തൊഴിലുകളുമാണ് ബെജാവു വർഗ്ഗത്തിന്റെ ഉപജീവന മാർഗ്ഗം . എന്നാൽ വൻകിട മത്സ്യബന്ധന മാർഗ്ഗങ്ങളുമായി മറ്റുള്ളവർ എത്തിയതോടെ ഇവരുടെ കാര്യം പരുങ്ങലിലായിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് മുന്നിൽ സീഡൈവിംഗ് നടത്തിയും സമുദ്രത്തിൽ നിന്നും കിട്ടുന്ന മുത്തുകൾ ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിച്ച് നൽകിയുമാണ് ഇപ്പോൾ ബെജാവു വർഗം ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് .
ബെജാവു കുട്ടികളുടെ സിലബസിൽ കണക്കും സയൻസുമൊന്നുമില്ല . പകരം മീൻപിടുത്തത്തിനുള്ള വലയും നീരാളിയെയും കടൽ ഞണ്ടിനെയും പിടിക്കാനുള്ള പരിശീലനവുമാണ് കുട്ടികൾക്ക് ലഭിക്കുന്നത് . ഫിലിപ്പീൻസ് മലേഷ്യ ഇന്തോനേഷ്യ സർക്കാരുകൾ നിരവധി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും തങ്ങളുടെ തനതായ ജീവിതരീതിയിൽ നിന്ന് മാറാൻ ഇവർ വിമുഖത കാണിക്കുന്നു.
നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും പൂർവ്വിക പാരമ്പര്യത്തെ നെഞ്ചോട് ചേർത്ത് സന്തോഷകരമായ ജീവിതമാണ് ബെജാവു വർഗ്ഗക്കാർ നയിക്കുന്നത് . ആധുനിക ലോകത്തിന്റെ മായക്കാഴ്ചകളിൽ മയങ്ങാതെ ജീവിക്കുന്ന ബെജാവു വർഗം മനുഷ്യ സംസ്കാരത്തിന്റെ വൈവിദ്ധ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് .
Leave a Comment