Special

വെളളത്തിൽ ജീവിക്കുന്നവർ ..

 ജീവന്റെ ഉത്ഭവം സമുദ്രത്തിൽ നിന്നാണെന്നാണ് ശാസ്ത്ര ലോകം പറയുന്നത് . മനുഷ്യൻ കടലിനോട് ഇപ്പോഴും അടങ്ങാത്ത അഭിനിവേശം പുലർത്തുന്നത് ചിലപ്പോൾ ഇതുകൊണ്ട് കൂടിയാകാം .   കടലിനോട് അഭിനിവേശമുള്ളവർ മാത്രമല്ല കടലിൽ തന്നെ ജീവിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റുമുണ്ട് . അക്കൂട്ടത്തിലൊരു വർഗ്ഗമാണ് ബെജാവു.
 
മലേഷ്യൻ തീരത്ത് ജീവിക്കുന്ന നാടോടി വിഭാഗമായ ബെജാവു വർഗ്ഗക്കാർ കടലിൽ കുടിൽ കെട്ടിയാണ് ജീവിക്കുന്നത്. ഫിലിപ്പീൻസാണ് ജന്മദേശമെങ്കിലും മലേഷ്യ , ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ബെജാവു വർഗ്ഗക്കാർ കുടിയേറിയിട്ടുണ്ട്. ലെപ എന്ന സ്വയം നിർമ്മിത ബോട്ടിലാണ് ഈ വർഗ്ഗക്കാരുടെ സഞ്ചാരം.
ബെജാവു വർഗ്ഗക്കാർ കടൽ ജീവികളായതിന്റെ പിന്നിൽ ചില രസകരമായ ഐതിഹ്യങ്ങളുണ്ട് . ഇവർ കരയിൽ ഒരു രാജാവിന്റെ കീഴിൽ സുഖമായി ജീവിച്ചിരുന്നതാണത്രെ.  എന്നാൽ ഒരിക്കൽ രാജാവിന്റെ മകളെ അന്യരാജ്യക്കാർ തട്ടിക്കൊണ്ട് പോയി . രാജകുമാരിയെ കണ്ടുപിടിക്കാൻ അയച്ച സൈനികർക്ക് പക്ഷേ അതിനു കഴിഞ്ഞില്ല . തിരിച്ച് രാജ്യത്തേക്ക് പോകാതെ കടലിൽ തന്നെ താമസിക്കാൻ തീരുമാനിച്ചവരുടെ സന്തതി പരമ്പരകളാണ് ഇപ്പോഴുള്ളതെന്നാണ് വിശ്വാസം.
ജോഹൊർ രാജ്യത്തിലെ രാജാവിന്റെ സുരക്ഷാഭടന്മാരായിരുന്നു ഇവർ .സുളു രാജ്യത്തെ ഭരണാധികാരിയുമായി വിവാഹം നടത്താൻ രാജകുമാരിയായ ദയാംഗ് അയിഷയുമായി യാത്രചെയ്യവേ ബ്രൂണെ സുൽത്താൻ രാജകുമാരിയെ തട്ടിക്കൊണ്ട് പോയി . രാജകുമാരിയെ നഷ്ടപ്പെട്ട രാജാവിന്റെ സുരക്ഷാ ഭടന്മാർ കടലിൽ തന്നെ താമസിക്കാൻ തീരുമാനിച്ചെന്നാണ് മറ്റൊരു കഥ. എന്തായാലും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ഇത്തരം കഥകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന പക്ഷക്കാരാണ് .
മുൻപ് കടൽക്കൊള്ളയിലും അടിമക്കച്ചവടത്തിലും പങ്കുള്ളവരായി ബെജാവു വർഗ്ഗക്കാരെ അറിയപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവെ ശാന്തശീലരും സമാധാന പ്രിയരുമാണിവർ . ജനങ്ങളിൽ നല്ലൊരു ശതമാനം നിരക്ഷരരാണ് . പക്ഷേ നല്ല ആതിഥേയമര്യാദയും സന്തോഷപ്രദമായ ജീവിതവും ഇവരുടെ പ്രത്യേകതകളാണ് .
മീൻപിടുത്തവും അനുബന്ധ തൊഴിലുകളുമാണ് ബെജാവു വർഗ്ഗത്തിന്റെ ഉപജീവന മാർഗ്ഗം . എന്നാൽ വൻകിട മത്സ്യബന്ധന മാർഗ്ഗങ്ങളുമായി മറ്റുള്ളവർ എത്തിയതോടെ ഇവരുടെ കാര്യം പരുങ്ങലിലായിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് മുന്നിൽ സീഡൈവിംഗ് നടത്തിയും സമുദ്രത്തിൽ നിന്നും കിട്ടുന്ന മുത്തുകൾ ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിച്ച് നൽകിയുമാണ് ഇപ്പോൾ ബെജാവു വർഗം ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് .
bajau
ബെജാവു കുട്ടികളുടെ സിലബസിൽ കണക്കും സയൻസുമൊന്നുമില്ല .  പകരം മീൻപിടുത്തത്തിനുള്ള വലയും നീരാളിയെയും കടൽ ഞണ്ടിനെയും പിടിക്കാനുള്ള പരിശീലനവുമാണ് കുട്ടികൾക്ക് ലഭിക്കുന്നത് . ഫിലിപ്പീൻസ് മലേഷ്യ ഇന്തോനേഷ്യ സർക്കാരുകൾ നിരവധി പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും തങ്ങളുടെ തനതായ ജീവിതരീതിയിൽ നിന്ന് മാറാൻ ഇവർ വിമുഖത കാണിക്കുന്നു.
നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും പൂർവ്വിക പാരമ്പര്യത്തെ നെഞ്ചോട് ചേർത്ത് സന്തോഷകരമായ ജീവിതമാണ് ബെജാവു വർഗ്ഗക്കാർ നയിക്കുന്നത് .  ആധുനിക ലോകത്തിന്റെ മായക്കാഴ്ചകളിൽ മയങ്ങാതെ ജീവിക്കുന്ന ബെജാവു വർഗം മനുഷ്യ സംസ്കാരത്തിന്റെ വൈവിദ്ധ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് .

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close