ന്യൂഡൽഹി : അമേരിക്കയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിൽ. യുഎസ് ട്രഷറിയാണ് ഇന്ത്യയുടെ നേട്ടം വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. അമേരിക്കയിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപത്തിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ചൈനയുമായി താരത്യം ചെയ്യുമ്പോഴാണ് ഇന്ത്യയുടെ നേട്ടം.
യു എസ് ട്രഷറി പുറത്തുവിട്ട കണക്കുപ്രകാരം 2015 ഡിസംബർ വരെ ഇന്ത്യയ്‌ക്ക് ലഭിച്ച അമേരിക്കയിൽ നിന്നുള്ള വിദേശ നിക്ഷേപം 1.8ശതമാനമാണ്. ഇതേ കാലയളവിൽ ചൈനയ്‌ക്ക് ലഭിച്ചതാകട്ടെ 1.6 ശതമാനവും. .2 ശതമാനത്തിന്‍റെ വർദ്ധനയാണ് ചൈനയെ അപേക്ഷിച്ച് ഇന്ത്യയ്‌ക്കുള്ളത്. 2013 ൽ ഇന്ത്യൻ ഓഹരികളിൽ 7 ബില്ല്യൺ ഡോളറായിരുന്നു അമേരിക്കയിൽ നിന്നുള്ള വിദേശ നിക്ഷേപം 2015 ൽ ഇത് 12 ബില്യണായി ഉയർന്നു.
ഇതേ കാലയളവിൽ ചൈനയ്‌ക്ക് ലഭിച്ച അമേരിക്കൻ വിദേശ നിക്ഷേപം 12.8 ബില്യൺ ഡോളറിൽ നിന്നും 11.1 ബില്യൺ ഡോളറായി കുറയുകയായിരുന്നു. വികസ്വര രാജ്യങ്ങളിലേക്കുള്ള അമേരിക്കൻ നിക്ഷേപത്തിൽ കുറവുണ്ടായെന്നും യുഎസ് ട്രഷറി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. 12ശതമാനമായാണ് നിരക്ക് കുറഞ്ഞത്. വികസ്വര രാജ്യങ്ങളിലേക്കുള്ള അമേരിക്കൻ നിക്ഷേപത്തിൽ ഏറ്‍റവും കൂടുതൽ വർദ്ധന ഉണ്ടായത് 2009ലാണ്. 2009 ഡിസംബറിൽ 18 ശതമാനമായിരുന്നു നിരക്ക്.