ബ്രസൽസ് : ത്രിരാഷ്‌ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസൽസിലെത്തി. ബ്രസൽസിൽ ഇന്ന് നടക്കുന്ന ഇന്ത്യാ-യൂറോപ്പ്യൻ യൂണിയൻ സംയുക്ത ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് വാഷിംഗ്ടണിൽ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയിലും പ്രധാനമന്ത്രി സംബന്ധിക്കും.
ബെൽജിയം, അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചത്. ഇതാദ്യമായാണ് നരേന്ദ്രമോദി ബൽജിയം സന്ദർശിക്കുന്നത്. ബ്രസൽസിൽ നടക്കുന്ന ഇൻഡോ യൂറോപ്യൻ യൂണിയൻ സംയുക്ത ഉച്ചകോടിയിൽ സുപ്രധാന കരാറുകളിൽ ഒപ്പുവയ്‌ക്കും. ബ്രസൽസിൽ മാർച്ച് 22 ന് ഉണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഉച്ചകോടി നടക്കുന്നത്.
ഇന്ന് വൈകുന്നേരം രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നരേന്ദ്രമോദി നാളെ അമേരിക്കയിലേക്ക് യാത്ര തിരിക്കും. വാഷിംഗ്ടണിൽ നടക്കുന്ന നാലാമത് ആണവ സുരക്ഷാ ഉച്ചക്കോടിയിൽ നരേന്ദ്രമോദി സംബന്ധിക്കും. ആണവ സുരക്ഷ സംബന്ധിച്ച രാജ്യം സ്വീകരിച്ച സുപ്രധാന നടപടികൾ പ്രധാനമന്ത്രി ഉച്ചകോടിയിൽ വിശദമാക്കും. ഉച്ചകോടിയ്‌ക്കിടെ പ്രമുഖ രാഷ്‌ട്രതലവൻമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടർന്ന് സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. സൗദി ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര – വ്യാവസായിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളിൽ ഒപ്പുവയ്‌ക്കും.