കോഴിക്കോട്: കേരളം തെരഞ്ഞെടുപ്പ് ഫലത്തെ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഫലം മുന്‍കൂട്ടി പ്രവചിച്ച് പെട്ടിയിലാക്കിയിരിക്കുകയാണ് കോഴിക്കോട്ടുകാരനായ യുവ മാന്ത്രികന്‍ ചക്രപാണി. പ്രമുഖരുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയ ഫലത്തില്‍ കേരളത്തിലെ വിവിധ മുന്നണികള്‍ക്ക് ആകെ എത്ര സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
എക്‌സിറ്റ്‌പോള്‍ ഫലങ്ങളും വിലയിരുത്തലുകളുമായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചൂടേറിയ ചര്‍ച്ചാ വിഷയമാകുമ്പോള്‍ മായാജാലത്തിലൂടെ ഫലം പ്രവചിച്ചിരിക്കുകയാണ് മജീഷ്യന്‍ ചക്രപാണി കുറ്റിയാടി. കോഴിക്കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ ഒപ്പിട്ട വെള്ളകടലാസില്‍ രേഖപ്പെടുത്തിയഫലം മെയ് 19ലെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളു. തനിക്ക് വ്യക്തമായ രാഷ്ടീയമുണ്ടെങ്കിലും താന്‍ പ്രവചിച്ച ഫലം അതിനതീതമാണെന്നാണ് ചക്രപാണിയുടെ അവകാശവാദം.
ഇക്കഴിഞ്ഞ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരം, 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പ് എന്നീ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചുവെന്ന അവകാശവാദവുമായാണ് ചക്രപാണി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത്. ഫലം രേഖപ്പെടുത്തിയ വെള്ളക്കടലാസ് കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. മെയ് 20ന് ഫലം പുറത്ത് വിടും.