വെളുത്തയെ വെളുത്തച്ചൻ ആക്കുമ്പോൾ

Published by
Janam Web Desk

പദ്മ പിളള


പന്തളം രാജകുടുംബാംഗവും അവിടത്തെ പടത്തലവനും ആയിരുന്ന മണികണ്ഠന്‍ , തികഞ്ഞ യോദ്ധാവും, സൗഹാര്‍ദ്ദത്തിന്റെ മൂര്‍ത്തിമദ്ഭാവവും ആയിരുന്നു എന്നാണു നമ്മുടെ എല്ലാ ഐതീഹ്യങ്ങളും, വായ്മൊഴികളും പറയുന്നത്. അത് കൊണ്ട് തന്നെ, ഈയടുത്തായി, ഒരു പത്തു വര്‍ഷമായി കൂടുതലും കേട്ട വെളുത്തച്ചന്‍ എന്ന കഥയെ പ്രഥമ ദൃഷ്ട്യാ അവിശ്വസിക്കേണ്ട കാര്യമൊന്നും തോന്നിയില്ല. പക്ഷെ മാധ്യമങ്ങളില്‍ പല ചര്‍ച്ചകളിലും, ക്രിസ്തീയ വൈദീകരുടെ പല അഭിമുഖങ്ങളിലും, ഈ വെളുത്തച്ചന്‍ അര്‍ത്തുങ്കല്‍ പള്ളിയിലെ ഒരു വൈദീകന്‍/പുണ്യവാളന്‍ ആയിരുന്നു എന്നും, അത് കൊണ്ട് തന്നെ അയ്യപ്പഭക്തര്‍, പ്രത്യേകിച്ചും ചേര്‍ത്തല/അര്‍ത്തുങ്കല്‍ ഭാഗത്തുള്ളവര്‍ അവിടെ ചെന്നാണ് മുദ്ര അഴിക്കുന്നതു എന്നും പറഞ്ഞു കേട്ടപ്പോള്‍, ആ ദേശത്തു വേരുകള്‍ ഉള്ള, അയ്യപ്പഭക്തരുടെ കുടുംബത്തില്‍ ജനിച്ച എനിക്ക് ആശ്ചര്യവും, അല്‍പ്പം സംശയം കലര്‍ന്ന ജിജ്ഞാസയും തോന്നി.

ഏറ്റവുമൊടുവില്‍ താഴമണ്‍ തന്ത്രി കുടുംബത്തിലെ ഒരംഗം തന്നെ ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, അതിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കു ചേരാന്‍ എനിക്കും ഭാഗ്യം ഉണ്ടായി. അദ്ദേഹം തന്നെ ഇതിന്റെ നിജസ്ഥിതി അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വിളിച്ചു കൊള്‍ക എന്ന് പറഞ്ഞു രണ്ടു ഫോണ്‍ നമ്പരുകള്‍ തന്നു. അയ്യപ്പ ഇതിഹാസത്തില്‍, അദ്ദേഹത്തിന്‍റെ പടയാളികള്‍ ആയ ആലങ്ങാട്ട് പേട്ട തുള്ളല്‍ സംഘത്തിന്റെ ജനറൽ സെക്രട്ടറി ശ്രീ രാജിവ് എരുമക്കാട്ട്, സ്വാമിയെപ്പറ്റിയുള്ള കഥകളുടെ, അറിവിന്റെ ഒരു കലവറ തന്നെയായി. ഒതേനന്‍ എന്ന ഒരു കൊള്ളക്കാരനെ കൊണ്ട് ജനവും, രാജകുടുംബവും അക്കാലം പൊറുതി മുട്ടിയിരുന്നു. അയാള്‍ ആയോധന കലയില്‍ അതി സമര്‍ത്ഥന്‍ ആയിരുന്നു എന്നും പരാജയപ്പെടുത്താന്‍ അയാള്‍ക്കറിയുന്ന അടവുകള്‍ എല്ലാം തനിക്കും അറിഞ്ഞിരിക്കണം എന്നും മണികണ്ഠന്‍ തീരുമാനിച്ചുവത്രേ. ആ പഠനത്തിന്റെ ഭാഗം ആയി, ദേശത്തെ 18 പ്രധാന കളരികളില്‍ ചെന്ന്, അവിടുന്നൊക്കെയും അറിവും ആയോധന കലയും ആര്‍ജ്ജിച്ചു.

അങ്ങനെ അയ്യപ്പന്‍ ചേര്‍ന്ന കളരികളില്‍ ഒന്നാണ് ചേര്‍ത്തല മുഹമ്മ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചീരപ്പന്‍ചിറ കളരിസ്ഥാനം. അവിടെ സ്വാമിയുടെ സതീര്‍ഥ്യനോ, കൂടെ അഭ്യസിച്ച യോദ്ധാവോ ആണ് “വെളുത്ത” എന്ന അരയന്‍. ആലങ്ങാട് സംഘം സ്ഥാപിക്കാനും അവരെ തന്റെ പോരാളികള്‍ ആയി പ്രഖ്യാപിക്കാനും ആലുവ മണപ്പുറത്തു കരക്കാരെ വിളിച്ചു ഭഗവാന്‍ ഉദ്ഘോഷിച്ചപ്പോള്‍, ഈ “വെളുത്ത” എന്ന യുവാവും കൂടെ ഉണ്ടായിരുന്നു എന്ന് ആലങ്ങാട്ടുകാരുടെ വാമൊഴി കഥകളില്‍ ഉണ്ട്. തുടര്‍ന്ന് ഒതേനനുമായുള്ള യുദ്ധത്തെ പറ്റിയുള്ള വാമൊഴികളില്‍, അതിലൊന്നും വെളുത്ത പങ്കെടുത്തതായി ആലങ്ങാട്ടുകാര്‍ക്ക് അറിവില്ല. പൂഴിപ്പയറ്റ് എന്ന വിദ്യ പഠിക്കാന്‍ ആണ് മണികണ്ഠന്‍ ചീരപ്പന്‍ചിറ കളരിയിലേക്ക് പോയത് എന്നും, അതിനുപയോഗിച്ചിരുന്ന പ്രത്യേക തരം വാളും അങ്കിയും അവിടെ ഒരു തറവാട്ടിലെ നിലവറയില്‍ ഇന്നും പൂജിച്ചു പോരുന്നു എന്നും ആണത്രേ ഐതീഹ്യം.

വെളുത്തയെപ്പറ്റി കൂടുതല്‍ അറിയാന്‍, ചീരപ്പന്‍ചിറ കളരിയുടെ ഇന്നത്തെ സംരക്ഷകര്‍ ആയ ശംഭു മേമോറിയല്‍ ട്രസ്റ്റിലെ ശ്രീ. ബാലസുബ്രമണ്യനോടും സംസാരിക്കാന്‍ അവസരം ലഭിച്ചു. അമ്പലപ്പുഴ ദേശത്തു നിന്നും കളരി പഠിക്കാന്‍ കടല്‍തീരത്ത്‌ കൂടെ ചീരപ്പന്‍ ചിറയിലേക്ക് സഞ്ചരിച്ച അയ്യപ്പന്‍, അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തിയപ്പോള്‍ വെളുത്ത് ആജാനബാഹുവായ ഒരു യുവാവിനെ കണ്ടു മുട്ടി എന്നും, കളരിയില്‍ ചെന്നാല്‍, മുന്നറിവില്ലാത്തവരേ ചേര്‍ക്കുകയില്ലെങ്കിലോ, അതിനാല്‍ അവിടത്തെ ശിഷ്യന്‍ ആയ താന്‍ സ്വാമിയെ അവിടെ കൊണ്ടുപോകാം എന്ന് അദ്ദേഹം പറഞ്ഞതായും ആ യുവാവിനെ അയ്യപ്പന്‍ “വെളുത്ത” എന്നോ “വെളുത്തച്ചന്‍” എന്നോ വിളിച്ചു പോന്നു എന്നും ആണ് കളരിയിലെ വാമൊഴിയറിവുകള്‍.

ഈ രണ്ടു വാമൊഴികളിലും വെളുത്ത, വെളുത്തച്ചന്‍ എന്ന പേരുകളില്‍ അറിയപ്പെടുന്ന യുവാവിനു ക്രിസ്തുമതവും ആയി ബന്ധം ഉണ്ടെന്നതിനു യാതൊരു അടയാളങ്ങളും ഇല്ല. ആലങ്ങാട്ട് സംഘത്തിന്റെ അറിവില്‍ ആ യുവാവ് ഒരു അരയ കുലജാതന്‍ ആണ്. ഇനിയല്‍പ്പം ചരിത്രം. കാലവര്‍ഷം 200, AD 1050 കാലഘട്ടത്തില്‍ ആണ് അയ്യപ്പന്‍ കേരളത്തിലെ ജനമധ്യത്തില്‍ വിഹരിച്ചത് എന്നാണു പറയപ്പെടുന്നത്‌. അര്‍ത്തുങ്കല്‍ ദേശത്തു ഒരു ക്രിസ്തീയ ആരാധനാലയം വരുന്നത് AD 1550-ല്‍ ആണ്. വെളുത്ത എന്ന യുവാവ്, 400 കൊല്ലം കഴിഞ്ഞ് ആ പള്ളിയിലെ വികാരി ആയിരുന്നിരിക്കാന്‍ സാധ്യതയില്ല. അര്‍ത്തുങ്കല്‍ പള്ളിയിലെ പല വൈദീകരും ആയുള്ള അഭിമുഖങ്ങള്‍ ഇന്ന് ലഭ്യം ആണ്.

പള്ളിയുടെ പല സൂവനിയറുകളിലും വെളുത്തച്ചനെ പറ്റി പറയുന്നുമുണ്ട്. അതിലെല്ലാം, വെളുത്തച്ചന്‍ ഒരു വിദേശി വൈദികന്‍ ആണ് എന്നും, അദ്ദേഹത്തിനാണ് മണികണ്ഠനുമായി സൗഹൃദം എന്നും വ്യക്തമായി പറയുന്നു. ചില അഭിമുഖങ്ങളില്‍ ഫാദര്‍ ഫിനീഷ്യോ ആണ് പിന്നീട് വെളുത്തച്ചന്‍ എന്നറിയപ്പെട്ടത് എന്നും, ളോഹയുടെ അല്ലെങ്കില്‍ വിദേശിയുടെ നിറം കൊണ്ടാണ് വെളുത്ത അച്ചന്‍ എന്ന് വിളിച്ചത് എന്നുമാണ് ആ ഭാഷ്യം. അര്‍ത്തുങ്കല്‍ പള്ളിയുടെ പേരില്‍ ഉള്ള വിക്കിപീഡിയ പേജിലും ഇത് തന്നെയാണ് ഉള്ളത്. 1584 -1632 വരെ ജീവിച്ച ഫാദര്‍ ഫിനീഷ്യോ, എങ്ങനെ അതിനും 400 വർഷം മുന്‍പ് സന്നിധാനം പുല്‍കിയ അയ്യപ്പനുമായി സൗഹാർദ്ദത്തിൽ ആയിട്ടുണ്ടാവും എന്ന ചോദ്യം ബാക്കിയുണ്ട്.

വാവരും, കടുത്തയും, മലയരയനും ഒക്കെയായി മണികണ്ഠനു ഒരുപാട് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ക്ക് അയ്യപ്പദര്‍ശനത്തിന്റെ ആചാരങ്ങളില്‍ സ്ഥാനമുണ്ട്. ഇരുമുടിയില്‍ കാഴ്ചകള്‍ പേറി, അവരുടെയും കൂടെ നട തൊഴുത ശേഷം ആണ് ഭക്തര്‍ സ്വാമിപാദം തൊഴുന്നത്. വാവരോ, കടുത്തയോ ഏതു മതമെന്നോ ജാതിയെന്നോ ഭക്തര്‍ അന്വേഷിച്ചിട്ടില്ല. ചേര്‍ത്തലയിലുള്ള അനേകം ബന്ധുക്കളോട് ചോദിച്ചപ്പോഴും, അര്‍ത്തുങ്കല്‍ പള്ളിയും ആയി ബന്ധിച്ചുള്ള അയ്യപ്പ കഥ കേട്ടിട്ടുണ്ട് എന്നും, അവിടെപ്പോയി മാല അഴിക്കുന്ന സമ്പ്രദായം ആ ദേശവാസികള്‍ ചിലര്‍ പാലിക്കുന്നു എന്നും പറയുമ്പോഴും, ചേര്‍ത്തലയില്‍, അര്‍ത്തുങ്കല്‍ അടുത്തു വസിക്കുന്ന അവരാരും തന്നെ പള്ളിയില്‍ ചെന്നല്ല മുദ്ര അഴിചിട്ടുള്ളത് എന്നും കൂട്ടിച്ചേര്‍ക്കുന്നു.

അയ്യപ്പനുമായി ബന്ധപ്പെട്ട വെളുത്തച്ചന്‍ കഥകളില്‍ പള്ളി എങ്ങനെ വന്നു എന്നതിന് ആധികാരികമായി ഒരു അടയാളവും ഇന്ന് വരെ കണ്ടെത്താന്‍ സാധിച്ചില്ല. ഐതീഹ്യമാല പോലുള്ള കൃതികളില്‍ ചെറിയ ഉപകഥകള്‍ പോലും ഉള്‍പ്പെടുന്നുണ്ട്. അതിലും, ഈ പള്ളിയെപ്പറ്റി അയ്യപ്പനുമായി ബന്ധിച്ചു പരാമര്‍ശമില്ല. ഭൂരിപക്ഷം കുടുംബങ്ങള്‍, ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങള്‍ എന്തിനു ചീരപ്പന്‍ചിറ കളരിയില്‍ ഉള്ളവര്‍ പോലും അവിടെ ചെന്ന് മുദ്ര അഴിക്കുന്നില്ല. നിലയ്‌ക്കലും, ശബരിമലയിലെ തീപ്പാടും ഉണ്ടാക്കിയ മുറിവുകള്‍ ഇനിയും പല മനസ്സുകളിലും നിലനില്‍ക്കെ, ഇങ്ങനെ ഒരു കഥ, ഒരു ആചാരം ഒക്കെ പൊന്തിമുളച്ചു വരുന്നതില്‍ ചിലരെങ്കിലും ദുരൂഹത കണ്ടാല്‍, അതില്‍ തെറ്റുണ്ടെന്ന് പറയാന്‍ സാധിക്കില്ല.

ആ ദേശത്തു മതപരിവര്‍ത്തിതര്‍ ആയവര്‍ ചിലരെങ്കിലും ഇന്നും മണ്ഡലം നോറ്റ് മല ചവിട്ടുന്നുണ്ടെന്നും, സുഖയാത്രയ്‌ക്കായി അവര്‍ പള്ളിയില്‍ പ്രാര്‍ഥിച്ചു യാത്ര തുടങ്ങുന്നുവെന്നും, അവരുടെ മുദ്രകള്‍ അവര്‍ തിരിച്ചു വന്നു പള്ളിയില്‍ വെച്ച് അഴിച്ചു കാണുമെന്നും, ആ മുദ്രകളുടെ സമാഹാരം ആണ് അവിടെ കാണപ്പെടുന്നതെന്നുമാണ്, “അയ്യപ്പന്‍റെ സതീര്‍ഥ്യന്‍ വെളുത്തച്ചന്‍” എന്ന കഥയെക്കാളും വിശ്വസനീയം. മറിച്ചെങ്കില്‍, അങ്ങനെ ഒരു ഐതീഹ്യത്തിന്റെ ഏടുകള്‍ സ്വാമി തന്നെ നമുക്ക് വെളിപ്പെടുത്തും എന്ന് പ്രാര്‍ഥിക്കാം.

മണികണ്ഠന്റെ പാദസ്പര്‍ശത്താല്‍ പുണ്യം കൊണ്ട ആ കളരിയും, അയ്യന്റെ പടയാളികള്‍ ആയ ആലങ്ങാട് സംഘവും ഒന്നും, ഇന്നേ വരെ പോയി കണ്ടു വണങ്ങാനുള്ള ഭാഗ്യമോ പ്രചോദനമോ എനിക്കുണ്ടായില്ല എന്നതില്‍ ദുഖമുണ്ട്. സ്വന്തം പൈതൃകം സംരക്ഷിക്കുന്നതില്‍, അതിനെ തൊട്ടു താലോലിച്ചു ശക്തമായി നില നിര്‍ത്തുന്നതില്‍ എന്നത്തെയും പോലെ ഞാനടക്കമുള്ള ഹൈന്ദവ സമൂഹം പരാജയപ്പെടുകയാണ്. ചീരപ്പന്‍ ചിറ കളരി, അയ്യപ്പന്‍റെ ഉടവാളുകള്‍ ഉള്ള സ്ഥാനങ്ങള്‍ തുടങ്ങിയ ചരിത്രപ്രദേശങ്ങളെ പാടെ അവഗണിച്ചതല്ലേ പൈതൃകത്തിനു പുത്തന്‍ അവകാശികള്‍ വന്നു ഭവിക്കാന്‍ കാരണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

Share
Leave a Comment