കോടഞ്ചേരിയിൽ തുഴച്ചിൽ ഉത്സവത്തിന് തുടക്കമായി

Published by
Janam Web Desk

കോഴിക്കോട് :  രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് കോടഞ്ചേരിയില്‍ തുടക്കമായി. ഇന്ത്യക്ക് പുറമെ 27 രാജ്യാന്തര കയാക്കര്‍മാരാണ് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

കയാക്ക് സ്ലോലോം , ബോട്ടര്‍ക്രോസ്, ഡൗണ്‍ റിവര്‍, എക്സ്ട്രീം റെയ്സ് എന്നീ ഇനങ്ങളിലാണ് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക, ഇറ്റലി, സ്കോട്ട് ലാന്‍റ്,വെയ് ല്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വനിതകളടക്കം അമ്പതിലധികം രാജ്യാന്തര കയാക്കര്‍മാരാണ് മല്‍സരത്തില്‍ പങ്കെടുക്കുക.

ഡി.ടി.പി.സി , അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി, പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷവും കയാക്കിങ് മല്‍സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജാക്കപോ നെരോദ്രയാണ് ഇത്തവണയും അമരത്ത് .

അതിശക്തമായ കുത്തൊഴുക്കുള്ളതും പാറക്കൂട്ടങ്ങള്‍ നിറഞ്ഞതുമായ പുഴയിലൂടെ ഒഴുക്കിനനുസരിച്ച് നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏക വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് വീക്ഷിക്കാന്‍ ജില്ലക്ക് പുറത്ത് നിന്നടക്കം നിരവധിയാളുകളാണ് എത്തിയത്. ചാലിയാറിന്‍റെ ഉപനദികളായ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായാണ് മല്‍സരങ്ങള്‍ പുരോഗമിക്കുന്നത്. വൈറ്റ് വാട്ടര്‍ കയാക്കിങ് ഒളിമ്പിക്സില്‍ മല്‍സര ഇനമായതിനാല്‍ ഒട്ടേറെ പുഴകളുള്ള കേരളത്തിലെ ടൂറിസം വികസനത്തിനും ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Share
Leave a Comment