കുട്ടിപ്പോലീസിന് ശേഷം ശുചിത്വസേന : മാതൃകയായി കോഴിക്കോട്

Published by
Janam Web Desk

കോഴിക്കോട് :  ജന്മനാടിനെ ശുചിത്വപൂര്‍ണമായി നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സൈനികരെത്തുന്നു. കോഴിക്കോട് കുന്ദമംഗലം എയുപി സ്‌കൂളില്‍ രൂപംകൊണ്ട ശുചിത്വസേനയ്‌ക്ക് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടിപ്പോലീസിനു തുടക്കം കുറിച്ച കോഴിക്കോട് നിന്നുതന്നെയാണ് ശുചിത്വസൈനികരും സമൂഹത്തിലേക്ക് ചുവടുവയ്‌ക്കുന്നത്.

ശുചിത്വപൂര്‍ണമായ ഒരു നാടിനെ സൃഷ്ടിക്കാന്‍ സൈനികയൂണിഫോമിനു സമാനമായ വേഷവുമായാണ് ശുചിത്വസേന സമൂഹത്തിലേക്കെത്തുന്നത്. സ്‌കൂള്‍ യൂണിഫോമിനു മുകളില്‍ അണിയുന്ന ഓവര്‍ക്കോട്ടും തൊപ്പിയും ഇവരെ വേറിട്ടുനിര്‍ത്തുന്നു. മുപ്പത് അംഗങ്ങളാണ് സേനയില്‍ ഉള്ളത്. ഒരു ലീഡറുടെ നേതൃത്വത്തില്‍ ആറുപേരടങ്ങുന്ന ഒരോ റജിമെന്റുകളായി തിരിച്ച് സമൂഹത്തിലേക്ക് ഇറങ്ങുന്ന ശുചിത്വസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി നാടിന് മുതൽക്കൂട്ടും മറ്റ് ജില്ലകൾക്ക് മാതൃകയുമാകും.

ശുചിത്വബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ നടത്തുക, പിടിഎ, സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് മുഴുവന്‍ കുട്ടികള്‍ക്കും ശുദ്ധജലലഭ്യത ഉറപ്പുവരുത്തുക. ശാസ്ത്രീയവും ശിശുസൗഹൃദവുമായ ശുചിമുറികള്‍ നിര്‍മിക്കുക, പരിസ്ഥിതി സൗഹൃദപദ്ധതികളും മാലിന്യനിര്‍മാര്‍ജന പദ്ധതികളും നടപ്പാക്കുക തുടങ്ങി ഒട്ടറെ ദൗത്യങ്ങളാണ് ശുചിത്വസേന ലക്ഷ്യമിടുന്നത്. വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വവും ഉറപ്പാക്കുന്നതിനായി ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരതം പദ്ധതിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് സേനയുടെ രൂപീകരണം.

Share
Leave a Comment