മലപ്പുറം: ബാലവിവാഹം സംബന്ധിച്ച നിയമങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കുറ്റമറ്റതാക്കിയോടെ ബാലവിവാഹങ്ങൾ നടത്തുന്നതും, കാർമ്മികത്വം വഹിക്കുന്നതുമുൾപ്പെടെ പങ്കെടുക്കുന്നതു പോലും ശിക്ഷാർഹമായ കുറ്റകൃത്യമായി. പിടിക്കപ്പെട്ടാൽ രണ്ടു ലക്ഷം രൂപ പിഴയും ഒരു വർഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്.
നേരത്തേ, ബാലവിവാഹങ്ങൾക്ക് ഇരയാകുന്ന പെൺകുട്ടികളുടെ സംരക്ഷണച്ചുമതല ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർക്കായിരുന്നു. എന്നാലിനി മുതൽ അത് ശിശുക്ഷേമസമിതിക്കായിരിക്കും. പതിനെട്ടു വയസ്സിനു മുൻപേ വിവാഹത്തിനു നിർബന്ധിക്കപ്പെട്ടാൽ, പെൺകുട്ടിക്കു രക്ഷിതാക്കളിൽ നിന്നു സംരക്ഷണം ലഭിക്കുന്നില്ലായെങ്കിൽ അവരെ ചിൽഡ്രൺസ് ഹോം അടക്കമുള്ള സംരക്ഷണകേന്ദ്രങ്ങളിലേക്ക് അയയ്‌ക്കും.
കഴിഞ്ഞ മാസം 21നാണ് കേന്ദ്രസർക്കാർ ബാലനീതി നിയമം ഭേദഗതി ചെയ്തത്. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷന്മാർക്കു ലഭിച്ചു. ഇതിനോടനുബന്ധിച്ച് ശിശുക്ഷേമസമിതി (സി.ഡബ്ല്യു.സി) അദ്ധ്യക്ഷന്മാർക്ക് രണ്ടു ദിവസം നീണ്ടു നിന്ന പരിശീലനം ബംഗലുരുവിലെ ചൈൽഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഓഫീസിൽ വച്ചു നൽകി.
നേരത്തേ ബാലവിവാഹത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണത്തിന് ശിശുക്ഷേമസമിതിയ്‌ക്കു ചുമതലയുണ്ടായിരുന്നില്ല. എന്നാൽ പുതിയ ഭേദഗതിയിലൂടെ, മറ്റുള്ള കേസുകളിൽ കുട്ടികൾക്കു നൽകുന്ന അതേ പരിഗണനയും സംരക്ഷണവും ബാലവിവാഹത്തിനിരയാകുന്ന കുട്ടികൾക്കും ശിശുക്ഷേമസമിതി നൽകും.
പുതിയ നിയമം നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ബാലവിവാഹകേസ് മലപ്പുറത്തു നിന്നുമാണ്. മുത്തേടം പഞ്ചായത്തിൽ പ്രായപൂർത്തിയാകാത്ത 12 പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞ ദിവസം കോടതിയിടപെട്ടു തടഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ബാലവിവാഹം കൂടുതലായി നടത്തപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.