വെൽഡൺ വിരാട്

Published by
Janam Web Desk

ടെന്നീസിൽ റോജർ ഫെഡറർ, ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഡേവിഡ് വില്ലയും , ക്രിക്കറ്റിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ . വിരാട് കോലിയെന്ന ഇന്ത്യൻ ക്യാപ്ടന്റെ ഇഷ്ടങ്ങളിങ്ങനെയൊക്കെയാണ് ..

അനുപമമായ സ്ട്രെയ്റ്റ് ഡ്രൈവ് , സ്വത സിദ്ധമായ കവർ ഡ്രൈവുകൾ , മനോഹരമായ പുള്ളുകൾ , തീവ്രമായ സ്ക്വയർ കട്ടുകൾ , ഡാൻസിംഗ് ലോഫ്റ്റുകൾ വിരാട് കോലിയെന്ന ഇന്ത്യൻ ക്യാപ്ടൻ ക്രിക്കറ്റ് പ്രേമികളുടെ മനം കവരുന്നത് ലക്ഷണമൊത്ത ഷോട്ടുകളിലൂടെ മാത്രമല്ല സ്വതസിദ്ധമായ നിശ്ചയ ദാർഢ്യം കൊണ്ട് കൂടിയാണ് . 1999 ലെ ലോകകപ്പിൽ അച്ഛൻ മരിച്ചതിന്റെ വേദന കടിച്ചമർത്തി കെനിയയ്‌ക്കെതിരെ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറെ ആരാധിക്കുന്ന വിരാടിനും പറയാൻ അതുപോലെയൊരു സംഭവമുണ്ട് .

2006 ഡിസംബർ 17 മുതൽ 20 വരെയായിരുന്നു ഡൽഹിയും കർണാടകയും തമ്മിലുള്ള രഞ്ജി മത്സരം . റൊബിൻ ഉത്തപ്പയുടേയും തിലക് നായിഡുവിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിൽ കർണാടക 446 റൺസെന്ന കൂറ്റൻ സ്കോർ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 59 അഞ്ചു വിക്കറ്റുകൾ നഷ്ടമായി . പുനീത് ബിഷ്ടിനൊപ്പം രക്ഷാ പ്രവർത്തനം ഏറ്റെടുത്ത വിരാട് കോലിയെന്ന പതിനെട്ടുകാരൻ പയ്യൻ ഡൽഹിയെ പിന്നീട് വിക്കറ്റൊന്നും പോകാതെ 103 റൺസിലെത്തിച്ചു .

പിറ്റേന്ന് വിനയ് കുമാറും സുനിൽ ജോഷിയും സ്റ്റുവർട്ട് ബിന്നിയുമടങ്ങുന്ന കർണാടക ബൗളിംഗ് നിരയെ എങ്ങനെ നേരിടുമെന്ന് ആലോചിച്ചിരിക്കവേയാണ് അന്ന് രാത്രി ആ ദുഖവാർത്തയെത്തുന്നത് . തന്റെ എല്ലാ ഉയർച്ചയ്‌ക്കും പ്രചോദനമായ പ്രിയപ്പെട്ട അച്ഛൻ വിട്ടു പിരിഞ്ഞ വാർത്ത. വാർത്തയറിഞ്ഞ് തകർന്ന് പോയെങ്കിലും ടീമിന് തന്നെ ഏറ്റവും ആവശ്യമായ ഘട്ടത്തിൽ വിട്ടു പോകാൻ വിരാടിന്റെ മനസ്സനുവദിച്ചില്ല .മകൻ ലോകം അംഗീകരിക്കുന്ന ക്രിക്കറ്റർ ആകണമെന്നാഗ്രഹിച്ച അച്ഛന് അനുയോജ്യമായ പിതൃതർപ്പണം എന്താണെന്ന് ആ മകന് അറിയാമായിരുന്നു .

വേദന കടിച്ചമർത്തി പിറ്റേന്ന് ബാറ്റിംഗിനിറങ്ങിയ കോലി ടീമിനെ 211 റൺസിലെത്തിച്ചിട്ടാണ് പിൻവാങ്ങിയത്. സെഞ്ച്വറിക്ക് പത്ത് റൺസ് അകലെ വച്ച് അവസാനിച്ച ആ ഇന്നിംഗ്സ് നൂറു സെഞ്ച്വറികളേക്കാൾ ഒരു പണത്തൂക്കം മുന്നിൽ തന്നെയായിരുന്നു.

അതാണ് വിരാട് കോലി.. ഷാർജയിൽ മൈക്കൽ കാസ്പറോവിച്ചും ഡാമിയൻ ഫ്ളെമിംഗും ഷെയ്ൻ വോണുമടങ്ങിയ ഓസ്ട്രേലിയൻ ടീമിനെ തകർത്ത് തരിപ്പണമാക്കിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ ഇന്നിംഗ്സ് കണ്ട് ഒരിക്കൽ താനും അതുപോലെയാകുമെന്ന് സ്വപ്നം കണ്ടിരുന്നു വിരാട് . 2008 ൽ അണ്ടർ 19 ക്യാപ്ടനായി വിജയകിരീടം ചൂടിയതിനു ശേഷം അയാൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നതേയില്ല . ഒരു വട്ടമല്ല പലവട്ടം ഒറ്റയ്‌ക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ വിരാടിന് കഴിഞ്ഞു.

കരിയറിന്റെ ഏറ്റവും നിർണായക ഘട്ടത്തിലാണ് ഇപ്പോൾ വിരാട് കോലി . ഒരു ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം 29 വയസ്സ് അയാളുടെ പരിചയസമ്പത്തും യുവത്വവും പക്വതയും എല്ലാം സമന്വയിക്കുന്ന കാലഘട്ടമാണ് . അതിനൊത്ത പ്രകടനങ്ങളാണ് വിരാടിൽ നിന്ന് ടീം ഇന്ത്യക്ക് ലഭിക്കുന്നതും.

ടെസ്റ്റിലും ഏകദിനങ്ങളിലും സ്വപ്നസമാനമായ ബാറ്റിംഗ് റെക്കോഡാണ് കോലിയുടേത്. 65 ടെസ്റ്റുകളിൽ നിന്ന് 53.51 ശരാശരിയിൽ 5459 റൺസ് അടിച്ചു കൂട്ടിയ കോലിയുടെ പേരിൽ 21 സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറികളുമുണ്ട് . സെഞ്ച്വറികളിൽ ആറെണ്ണം ഇരട്ട സെഞ്ച്വറികളാണ് .202 ഏകദിനങ്ങളിൽ 9030 റൺസാണ് സമ്പാദ്യം. ഇതിൽ 32 സെഞ്ച്വറികളും 45 അർദ്ധ സെഞ്ച്വറികളുമുണ്ട് . ശരാശരി 55.74 ൽ നിൽക്കുമ്പോൾ സ്ട്രൈക്ക് റേറ്റ് 91.73 ആണ് .

2017 ൽ 77.80 ശരാശരിയിൽ 2203 റൺസ് ടെസ്റ്റിൽ കോലി നേടി . ഏകദിനത്തിൽ 82.63 ശരാശരിയിൽ 1818 റൺസും സ്ട്രൈക്ക് റേറ്റ് 153 ഓടെ 299 റൺസ് ട്വെന്റി ട്വന്റിയിലും നേടിയിട്ടുണ്ട്. ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തത് ഈ ഉജ്ജ്വല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് . മാത്രമല്ല ഐസിസിയുടെ ഏകദിന , ടെസ്റ്റ് ടീമുകളുടെ ക്യാപ്ടനായി തെരഞ്ഞെടുത്തതും കോലിയെത്തന്നെയാണ് .

അതെ വിരാട് കോലി വളരുകയാണ് . സ്വതസിദ്ധമായ നിശ്ചയ ദാർഢ്യവും അദ്വിതീയമായ പോരാട്ട വീര്യവും ഒപ്പം അനുപമമായ കേളീശൈലിയും സമന്വയിപ്പിച്ച് ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് ..

വെൽഡൺ – വിരാട് !

Share
Leave a Comment