കല്‍പ്പറ്റ: വയനാട്ടില്‍ അഞ്ച് മാസത്തിനിടെ മൂന്നാമത്തെ കാട്ടാന വെടിയേറ്റ് ചരിഞ്ഞു. വയനാട് കേണിച്ചിറ അതിരാറ്റുകുന്നില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന വയലിലാണ് കാട്ടാനയെ വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഗോപാലകൃഷ്ണന്‍ എന്നയാളുടെ വിളവെടുക്കാറായ വയലിലാണ് മസ്തകത്തില്‍ വെടിയേറ്റ നിലയില്‍ ആനയുടെ ജഡം കണ്ടത്. ഇവിടുത്തെ നെല്‍ച്ചെടികള്‍ കാട്ടാന നശിപ്പിച്ച അവസ്ഥയിലാണ്. ആനയ്‌ക്ക് മൂന്ന് വെടികളേറ്റിട്ടുണ്ട്. പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി.
സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ച് വനമേഖലയിലാണ് സംഭവം. ഏകദേശം ഇരുപത് വയസില്‍ താഴെ പ്രായമുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് സൗത്ത് വയനാട് ഡിഎഫ്‌ഐ അബ്ദുള്‍ അസീസ് പറഞ്ഞു. പ്രദേശത്ത് ആനവേട്ട സജീവമാകുന്നതായി പരാതി നിലനില്‍ക്കുന്നുണ്ട്.