ഹിലരിക്കെതിരായ ഇ-മെയിൽ വിഷയത്തിൽ പുനരന്വേഷണം ആവശ്യമില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹിലരിയെ ജയിലിലടക്കുന്നത് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുമെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ നിലപാട്. അതേസമയം, ഈ നിലപാട് മാറ്റത്തിൽ പ്രതിഷേധവുമായി ട്രംപ് അനുകൂലികൾ രംഗത്തെത്തി.
ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഹിലരിക്കെതിരായ നിലപാട് മയപ്പെടുത്തിയത്. താൻ പ്രസിഡന്റായാൽ ഹിലരിയെ ജയിലിടയ്ക്കുമെന്ന ട്രംപിന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് സംവാദത്തിനിടെ റിപ്പബ്ലിക്കൻ ക്യാമ്പുകൾക്ക് വലിയ ആവേശം പകർന്നിരുന്നു. ട്രംപിന്റെ അട്ടിമറിജയത്തിന് വരെ കാരണമായത് ഹിലരിക്കെതിരായ ഇ-മെയിൽ വിവാദമായിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള നിലപാട് മാറ്റത്തിനെതിരേ ട്രംപ് അനുകൂലികൾ രംഗത്തെത്തി. ഹിലരിക്കെതിരായ നിലപാട് മാറ്റം തെരഞ്ഞെടുപ്പ് വാഗ്ദ്ധാന ലംഘനവും വഞ്ചനാപരവുമാണെന്ന് ഒരു വിഭാഗം ട്രംപ് അനുകൂലികൾ ആരോപിച്ചു. ട്രംപ് വന്ന വഴിമറന്നാൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇ-മെയിൽ വിവാദത്തിൽ ഹിലരിയേയോ ഭർത്താവ് ക്ലിന്റനെയോ ജയിലിടക്കുന്നത് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുമെന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്.
നേരത്തെ ഒബാമ കെയർ ഇൻഷുറൻസ് പദ്ധതിയിലും ട്രംപ് നിലപാട് മാറ്റിയിരുന്നു. പ്രചാരണവേളയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഏറെ തലവേദന സൃഷ്ടിച്ച ഇ മെയിൽ വിവാദത്തിൽ, തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഹിലരിക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്.