ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. സെഞ്ച്വറി നേടിയ മുരളി വിജയിയുടെയും അർദ്ധ സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയുടെയും നായകൻ വിരാട് കോഹ് ലിയും മികവിലാണ് ഇന്ത്യ വൻ സ്കോറിലേക്ക് കുതിക്കുന്നത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മുരളി വിജയ് -ചേതേശ്വർ പൂജാര സഖ്യം കരകയറ്റുകയായിരുന്നു.
രണ്ട് റൺസെടുത്ത ലോകേഷ് രാഹുലിന്റെയും 108 റൺസെടുത്ത മുരളി വിജയിയുടെയും 83 റൺസെടുത്ത പൂജാരയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 56 റൺസെടുത്ത കോഹ് ലിയും 10 റൺസെടുത്ത അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെന്ന നിലയിലാണ്.