നമ്മുടെ  നാട്ടിൽ ഹൃദയവാ‌ൽവ് തകരാറുകൾ കൂടുന്നതെന്തു കൊണ്ട് ?

Published by
Janam Web Desk

അശ്വനി


കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ വന്നാൽ പലരും പറഞ്ഞു കേൾക്കുന്നതാണ്, ഹോമിയോ മരുന്ന് കൊടുത്താൽ മതി, അതാകുമ്പോൾ ഇംഗ്ലീഷ് മരുന്നിന്റെ സൈഡ് ഇഫക്ടുകൾ ഒന്നുമില്ലല്ലോ എന്ന്. എന്നാൽ ലളിതമായ ചികിത്സകൾ കൊണ്ട് മാറ്റാവുന്ന ചെറിയ അസുഖങ്ങൾക്ക് പോലും ഹോമിയോ മരുന്നിൽ വിശ്വാസമർപ്പിച്ച് അവസാനം ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥകളുണ്ട് . ഉദാഹരണമായി നാട്ടിൽ സാധാരണ കണ്ടു വരുന്ന ഒരസുഖം തന്നെയെടുക്കാം.

സർക്കാരാശുപത്രികളിൽ ഹൃദയ വാൽവ് തകരാറുകളുമായി വരുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയും എണ്ണം വികസിത രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഇവരിൽ മിക്കവർക്കും കേടായ ഹൃദയവാൽവ് മാറ്റി വെക്കുക എന്ന ചെലവേറിയ ചികിത്സ തന്നെ വേണ്ടി വരും. വാൽവ് മാറ്റി വെച്ചാൽ തന്നെയും ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടിയും വരും.

എന്ത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഈ ഹൃദയ തകരാറുകൾ കൂടുതലായി കാണപ്പെടുന്നത്? ഇതിന്റെ പിന്നിലെ വില്ലൻ ‘വാതപ്പനി’ (പല ദേശങ്ങളിൽ പല പേരുകളാകാം) എന്ന നാട്ടുഭാഷയിൽ അറിയപ്പെടുന്ന ‘റുമാറ്റിക് ഫീവർ’ എന്ന രോഗമാണ്. കുട്ടികളിൽ ചെറിയ പ്രായത്തിൽ വരുന്ന തൊണ്ടവേദന, ചൊറി, ചിരങ്ങു മുതലായവ ഉണ്ടാക്കുന്ന ‘സ്ട്രെപ്റ്റോകോക്കസ് പയോജീനസ്’ (streptococcus pyogenes) എന്ന ബാക്‌ടീരിയയാണ് വില്ലൻ.

ശരിക്കും പറഞ്ഞാൽ ബാക്ടീരിയയല്ല, അതിനെ പ്രതിരോധിക്കാൻ ശരീരം ഉണ്ടാക്കുന്ന പ്രതിരോധകാരികളായ ‘ആന്റിബോഡികൾ’ ആണ് പ്രശ്നക്കാർ. ചില കുട്ടികളുടെ ശരീരകലകളിലെ പ്രോട്ടീന് സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയകളുടെ പ്രോട്ടീനുമായി സാമ്യം ഉള്ളതിനാൽ ഈ ആന്റിബോഡികൾ അവയെ ആക്രമിക്കുന്നു. സന്ധികളിലെ ആവരണമായ സിനോവിയം, ഹൃദയ വാൽവുകൾ എന്നിവയെയാണ് ഈ ആന്റിബോഡികൾ സാധാരണയായി ആക്രമിക്കുന്നത്.

സന്ധികളിൽ നീർക്കെട്ടും വേദനയും ഉണ്ടാകുക, ഹൃദയ പ്രവർത്തനത്തിൽ തകരാർ ഉണ്ടാകുക എന്നിവയൊക്കെയാണ് രോഗ ലക്ഷണങ്ങൾ. ചികിത്സ കൊടുത്തില്ലെങ്കിലും ആന്റിബോഡി അളവ് കുറയുമ്പോൾ രോഗം താനേ ഭേദപ്പെടും. ഒരു മൂന്നു നാല് തവണ ഇതേ പ്രോസസ് ഉണ്ടായിക്കഴിയുമ്പോൾ ഹൃദയ വാൽവുകളിലെ കലകൾ ചുളിഞ്ഞു മടങ്ങുന്നത് മൂലം വാൽവ് നേരെ ചൊവ്വേ പ്രവർത്തിക്കാതാവും. അപ്പോഴാണ് ശരീരത്തിൽ നീർക്കെട്ട്, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നത്. വാൽവ് തകരാർ ആണെന്ന സത്യം മനസ്സിലാക്കുന്നത് അപ്പോഴാണ് .

രോഗത്തിന്റെ ആദ്യദശയിൽ, അതായത് ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ തന്നെ ആന്റിബയോട്ടിക്സ് കൊടുത്താൽ പൂർണ്ണമായും ഒഴിവാക്കാനാവുന്ന അവസ്ഥയാണിത്. മരുന്നൊന്നും കൊടുത്തില്ലെങ്കിലും രോഗം മാറും, പക്ഷെ കാലം ചെല്ലുമ്പോൾ അതി ഭീകരമായ ഒരു മാരണമായി പ്രത്യക്ഷപ്പെടും. ഹോമിയോ കൊടുക്കുന്നത് മൂലമാണ് കുഞ്ഞിന്റെ തൊണ്ടവേദന മാറിയതെന്ന് ആളുകൾ കരുതും. പക്ഷേ ജീവൻ തന്നെ അപകടത്തിലാകാവുന്ന ഒരു പ്രോസസ് അവിടെ തുടങ്ങിക്കഴിഞ്ഞ കാര്യം അറിയുകയുമില്ല.

ഇത് പോലെ പല രോഗങ്ങളുമുണ്ട്. വിട്ടു മാറാത്ത പനിക്ക് ആഴ്ചകളോളം ഹോമിയോ മരുന്ന് കൊടുത്ത് ചികിൽസിച്ചത് തിരുവനന്തപുരത്തെ അതിപ്രശസ്തനായ ഒരു ഹോമിയോ ചികിത്സകനാണ്. അവസാനം ഭേദമാകാത്തത് കൊണ്ട് ശിശുരോഗവിദഗ്‌ദ്ധനെ കാണിച്ചു പരിശോധനകൾ നടത്തിയപ്പോഴാണ് ലുക്കീമിയ ആയിരുന്നു എന്നറിയുന്നത്.

ചികിത്സയ്‌ക്ക് ഇഫക്ട് ഉണ്ടെങ്കിൽ സൈഡ് ഇഫക്ടുമുണ്ടാകണം. സൈഡ് ഇഫക്ട് ഇല്ലാത്ത ചികിത്സയ്‌ക്ക് ഇഫക്ടും ഉണ്ടാകില്ല.

Share
Leave a Comment