താൻ തീവ്രവാദിയെങ്കിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കട്ടെയെന്ന് കുമ്മനം

Published by
Janam Web Desk

കോഴിക്കോട്: ആറന്മുള സമരത്തില്‍ വേദിപങ്കിട്ട സിപിഎം തനിക്കെതിരെ അയിത്തം കല്‍പ്പിക്കുന്നത് പാര്‍ട്ടിയുടെ ജീര്‍ണതയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമുദായങ്ങള്‍ക്കിടയില്‍ പാര്‍ട്ടി കാണിക്കുന്ന അയിത്തം സംസ്ഥാന രാഷ്‌ട്രീയത്തിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും തീവ്രവാദിയാണെങ്കില്‍ മന്ത്രി എകെ ബാലന്‍ തനിക്കെതിരെ നടപടി എടുക്കട്ടെയെന്നും അദ്ദേഹം കോഴിക്കോട്ട് ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാനഅദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അധിക്ഷേപിക്കുന്ന രീതിയില്‍ മന്ത്രി എകെ ബാലനില്‍ നിന്നുണ്ടായ പരാമര്‍ശം വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കുമ്മനംരാജശേഖരന്റെ മറുപടി. താന്‍ തീവ്രവാദിയാണെങ്കില്‍ മന്ത്രിയെന്ന നിലയില്‍ എകെ ബാലന് അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നെയ്യാറ്റിന്‍കര തുഞ്ചന്‍ഭക്തിപ്രസ്ഥാന പഠനകേന്ദ്രം പ്രഖ്യാപിച്ച കര്‍മശ്രേഷ്ഠപുരസ്‌കാരദാനം സാംസ്‌കാരിക മന്ത്രി എകെ ബാലനെക്കൊണ്ട് നിര്‍വഹിക്കാനായിരുന്നു തീരുമാനം. മന്ത്രി ഇക്കാര്യം സമ്മതിച്ചെങ്കിലും പിന്നീട് മന്ത്രി വരില്ലെന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അറിയിക്കുകയായിരുന്നു.

കാരണം തിരക്കിയപ്പോള്‍ കുമ്മനം രാജശേഖരന്‍ തീവ്രവാദി ആയതിനാല്‍ അദ്ദേഹവുമൊത്ത് മന്ത്രി വേദി പങ്കിടില്ലെന്ന് അറിയിക്കുകയായിരുന്നു.

Share
Leave a Comment