മെൽബൺ: ആസ്ട്രേലിയയിൽ കോട്ടയം സ്വദേശിക്കെതിരേ വംശീയ ആക്രമണം. കോട്ടയത്ത് മീനടം വയലിക്കൊല്ലാട്ട് വീട്ടിൽ ജോയ് സക്കറിയയുടെ മകൻ ലീ മാക്സ് ആണ് വംശീയവിദ്വേഷത്തിന്റെ പേരിൽ ആക്രമണത്തിനിരയായത്.
ടാസ്മാനിയയിലെ മക്ഡൊണാൾഡ് ഭക്ഷണശാലയിൽ വച്ചാണ് ലീ ആക്രമണത്തിനിരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു ലീ. ഈ സമയം കൗണ്ടറിൽ നാലു യുവാക്കളും ഒരു യുവതിയും വാഗ്വാദത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും, കടയിൽ നിന്നിറങ്ങി വന്ന തന്നോട് നീ ഇന്ത്യക്കാരനല്ലേയെന്നു ചോദിച്ച് അവരിൽ മൂന്നു പേർ മർദ്ദിക്കുകയായിരുന്നെന്നും ലീ പറഞ്ഞു.
ലീയെ ആക്രമിച്ചതിനു ശേഷം ഇവർ കാറിൽ കയറി രക്ഷപ്പെട്ടു. ടാസ്മാനിയൻ പൊലീസിൽ പരാതി നൽകിയതായി ലീ വ്യക്തമാക്കി.