ഹൈദരാബാദ്: ഐ.പി.എൽ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ജയത്തോടെ സീസണിന് തുടക്കമിടാനുറച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നായകൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഷെയ്ൻ വാട്സനാണ് ബാംഗ്ലൂരിനെ നയിക്കുക.
കഴിഞ്ഞ ഐ.പി.എൽ ഫൈനലിസ്റ്റുകൾ നേർക്കുനേർ. ഹോം ഗ്രൗണ്ടിൽ ജയത്തോടെ തുടങ്ങാനുറച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ ഫൈനലിലേറ്റ തോൽവിയ്ക്ക് മധുര പ്രതികാരം വീട്ടാൻ റോയൽ ചലഞ്ചേഴ്സ്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് തീപാറും പോരാട്ടം. ശക്തമായ ബാറ്റിംഗ് നിരയാണ് ഇരു ടീമുകളുടേയും പ്രത്യേകത.
ഡേവിഡ് വാർണർ നയക്കുന്ന സൺറൈസേഴ്സിൽ ശിഖർ ധവാനും, കെയ്ൻ വില്യംസണും, യുവരാജ് സിംഗും, നമൻ ഓജയും അണിനിരക്കും. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനാണ് വാർണറിന്റെ തുറുപ്പ് ചീട്ട്. ഒപ്പം ബൗളിംഗിന് വേഗക്കുതിപ്പേകാൻ ഭുവനേശ്വർ കുമാറും ആശിഷ് നെഹ്റയും. ഓൾറൗണ്ട് മികവുമായി മൊസിസ് ഹെൻട്രിക്വസ്, ബെൻ കട്ടിംഗ് എന്നിവരും അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും.
ബാംഗ്ലൂരിന് വെല്ലുവിളി നായകൻ വിരാട് കൊഹ്ലിയുടേയും, എബി ഡിവില്ലേഴ്സിന്റെയും പരുക്കാണ്. നായകന്റെ താൽക്കാലിക ചുമതല ഷെയ്ൻ വാട്സൻ ഏറ്റെടുക്കും. ബാറ്റിംഗ് വിസ്ഫോടനത്തിന് ക്രിസ് ഗെയ്ൽ ഒരുങ്ങിക്കഴിഞ്ഞു. മധ്യനിര കാക്കാൻ ട്രവിസ് ഹെഡും കേദാർ ജാദവും, സച്ചിൻ ബേബിയും. പേസാക്രമണത്തിന് ടൈമൽ മിൽസ്. സ്പിന്നർമാരായി യസ്വേന്ദ്ര ചാഹലും പവൻ നേഗിയും.
ക്രിക്കറ്റിന്റെ ചെറുപൂരത്തിന് അഴക് ചാർത്തുക, ഹൈദരാബാദോ, ബാംഗ്ലൂരോ… ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടാൻ ഇനി മണിക്കൂറുകൾ മാത്രം.