മലയാളികളുടെ സ്വന്തം ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും റെക്കോര്‍ഡ്. സോഷ്യല്‍ മീഡിയയില്‍ കാണികള്‍ പിന്തുടരുന്ന ടീമുകളില്‍ ഇന്ത്യയില്‍ നിന്ന് ഒന്നാമതെത്തിയിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലെയും ഫുട്‌ബോള്‍ ക്ലബുകളുടെ സൈബര്‍ ഫോളോവേഴ്‌സിനെ കുറിച്ച് ‘ഡിജിറ്റല്‍ സ്‌പോട്‌സ് മീഡിയ’ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയ ലിസ്റ്റിലാണ് 80ാം സ്ഥാനത്ത് ബ്ലാസ്‌റ്റേഴ് എത്തിയത്. രണ്ട് മില്യണിലധികം (25 ലക്ഷം) ആരാധകരാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഓണ്‍ലൈന്‍ ലോകത്ത് പിന്തുടരുന്നത്.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 94മത്തെ സ്ഥാനത്തും ഡല്‍ഹി ഡൈനാമോസ് 128മത്തെ സ്ഥാനത്തും എഫ്‌സി ഗോവ 129മത്തെ സ്ഥാനത്തും ഇടംപിടിച്ചു.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് 143സ്ഥാനത്തുണ്ട്.
20 കോടിയിലധികം ആളുകളാണ് ബാഴ്‌സലോണയേയും റയല്‍ മാഡ്രിഡിനേയും സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്. മാഞ്ചസ്റ്ററിന് 11 കോടിയില്‍ അധികം ആളുകളും ചെല്‍സിയെ എട്ട് കോടിയോളം പേരും ഓണ്‍ലൈന്‍ ലോകത്ത് പിന്തുടരുന്നു.
സോഷ്യല്‍ വെബ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, പെരിസ്‌കോപ്പ്, ഗുഗിള്‍ പ്ലസ്, യൂട്യൂബ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്.















