കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ മലയാളികളുടെ പ്രിയ താരം ഇയാൻ ഹ്യൂം മഞ്ഞക്കുപ്പായത്തിലിറങ്ങും. ഹ്യൂമുമായി ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടു. ട്വിറ്ററിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അറിയിച്ചത്.
ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ ഹ്യൂമാണ് ഐഎസ്എല്ലിലെ ടോപ് സ്കോറർ. രണ്ട് വർഷത്തിന് ശേഷമാണ് ഹ്യൂം കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നത്.
ആദ്യ സീസണിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ മനംകവർന്ന കനേഡിയൻ താരമായ ഹ്യൂമിനെ രണ്ടാം സീസണിൽ നിലനിർത്താഞ്ഞതിൽ ആരാധകർ അസംതൃപ്തരായിരുന്നു. അത് അവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്തായാലും ഹ്യൂമിനെ തിരിച്ചെത്തിച്ചതിലൂടെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നില കൂടുതൽ ശക്തമാക്കുകയും ചെയ്തു മാനേജ്മെന്റ്.
കഴിഞ്ഞ ദിവസം സികെ വിനീതിനെയും പ്രശാന്തിനെയും പ്രതിരോധ താരം സന്ദേശ് ജിങ്കനേയും നിലനിർത്തി ഡ്രാഫ്റ്റിനെത്തിയ ബ്ലാസ്റ്റേഴ്സ് ഒരുപിടി നല്ല താരങ്ങളുമായാണ് മടങ്ങിയത്.
നാല് മലയാളി താരങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. സികെ വിനീതിന് പുറമെ റിനോ ആന്റോ, യുവ താരങ്ങളായ അജിത് ശിവൻ, പ്രശാന്ത് കരുത്തേടത്തുകുനി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുന്നത്.
വിനീതിനെ കൂടാതെ ജാപ്പനീസ് വംശജനായ വെറ്ററന്‍ താരം അരാറ്റ ഇസുമി, മണിപ്പൂര്‍ താരങ്ങളായ ജാക്കിചന്ദ് സിംഗ്, സിയാം ഹംഗല്‍, മിലന് സിംഗ്, ലോകെന്‍ മെയ്തേയി എന്നിവരാണ് മധ്യനിരയിലുള്ളത്.
മലയാളി താരം പ്രശാന്ത് കരുത്തേടത്തുകുനിയും ഐ ലീഗിൽ മുംബൈയുടെ സ്ട്രൈക്കറായ കരൺ അതുലുമായിരുന്നു നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലുണ്ടായിരുന്നത്. ഹ്യൂമും കൂടി എത്തുന്നതോടെ മുന്നേറ്റ നിര കൂടുതൽ ശക്തമാകും.
പ്രതിരോധ നിരയിൽ ജിങ്കനും ആന്റോയ്ക്കും പുറമെ ഇന്ത്യൻ അണ്ടര്‍-23 ടീം ക്യാപ്റ്റൻ ലാല്‍റുതാര, മേഘാലയില്‍ നിന്നുള്ള താരം സാമുവല്‍ ഷദാബ്, മിസോറാമില്‍ നിന്നുള്ള ലാല്‍തകിമ, മണിപ്പൂരില്‍ നിന്നുള്ള പ്രീതം സിംഗ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ സീസണിൽ എഫ്സ് ഗോവയുടെ ഗോൾ കീപ്പറായിരുന്ന സുഭാഷിഷ് റോയ് ചൗധരിയാകും നാലാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുക.
ബ്ലാസ്റ്റേഴ്സ് ടീം:
ഗോൾ കീപ്പർ: സുഭാഷിഷ് റോയ് ചൗധരി
ഫോർവേഡ്: പ്രശാന്ത് കരുത്തേടത്തുകുനി, കരൺ അതുൽ, ഇയാൻ ഹ്യൂം
മിഡ് ഫീൽഡർമാർ: സികെ വിനീത്, അജിത് ശിവന്, അരാറ്റ ഇസുമി, മിലന് സിംഗ് , സിയാം ഹംഗല്‍, ജാക്കിചന്ദ്സിംഗ്, ലോകെന്‍ മെയ്തി.
ഡിഫൻഡർമാർ: സന്ദേശ് ജിങ്കൻ, റിനോ ആന്റോ, ലാല്‍റുതാര, ലാല്‍തകിമ, പ്രീതം കുമാർ സിംഗ്, സാമുവൽ ഷദപ്.















