കൊച്ചി: ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ‘വള്ളിക്കെട്ട്’ ഉണ്ടാകാറുണ്ട്. എന്നാൽ തനിനാട്ടിൻപുറത്തുകാരനായ പ്രേമദാസൻ മോഹിച്ച് പിടിച്ചത് ‘മോഹനവള്ളി’ എന്ന കുരുക്കാണ്. പിന്നീട് കുടുംബവും നാട്ടുകാരും ചേർന്ന് അഴിക്കാൻ ശ്രമിക്കുന്ന ആ കുരുക്കിന്റെ രസകരമായ സംഭവവികാസങ്ങളാണ് ‘മോഹനവള്ളി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമേയം.
ഹൊറർ, ഫാന്റസി, ഹ്യൂമർ എന്നിവ സമന്വയിപ്പിച്ച് ഒരുക്കുന്ന ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു. സംവിധായകരായ സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നിവർക്കൊപ്പം പ്രവർത്തിച്ച അനുഭവവുമായാണ് ഉമേഷ് ആദ്യ സംവിധാന സംരംഭവുമായി എത്തുന്നത്.
ജെ. സ്റ്റുഡിയോസും എ2എ മൂവി സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഞായറാഴ്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമം നിർവഹിച്ചു. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. തുടർന്ന് നടന്ന ചിത്രീകരണത്തിൽ അസീസ് നെടുമങ്ങാട് ആദ്യ ഷോട്ടിൽ അഭിനയിച്ചു. സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചു.
സമീപകാലത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ കൈയടി നേടിയ അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജാ രവി, വിജയ് മുത്തു, അബിൻ ബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രാഹുൽ കല്യാൺ രചന നിർവഹിക്കുന്ന ചിത്രത്തിന് അർക്കാഡോ സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ, എഡിറ്റിംഗ് സുനേഷ് സെബാസ്റ്റ്യൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്.
പ്രണയവും നർമ്മവും ഹൊററും ഒരേ നൂലിൽ കോർത്തിണക്കുന്ന ‘മോഹനവള്ളി’, വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.















