കൊച്ചി : ഇയാന്‍ ഹ്യൂം തിരിച്ചെത്തിയത് കേരളാ ബ്ലാസ്റ്റേഴ്‌സിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് പുതുതായി ചുമതലയേറ്റ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍. ഡ്രാഫ്റ്റില്‍ ആഗ്രഹിച്ച 90 ശതമാനം താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായെന്നും റെനെ കൊച്ചിയില്‍ പറഞ്ഞു.
ആരാധക പിന്തുണ അതേപടി നിലനിര്‍ത്തുകയെന്നതിനും പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇയാന്‍ ഹ്യൂം മികച്ച താരമാണ്. ടീമിന്റെ വിജയത്തിനായി ഹ്യൂം കഠിനാധ്വാനം ചെയ്യും. അദ്ദേഹത്തെ പോലെ വിജയം മാത്രം ലക്ഷ്യം വെക്കുന്ന ഒരു ടീമിനെയാകും അടുത്ത സീസണില്‍ ഗ്രൗണ്ടിലിറക്കുകയെന്നും റെനെ കൂട്ടിച്ചേര്‍ത്തു.
കളിക്കാരുടെ പ്രകടനം വിലയിരുത്തിയാണ് കൂടുതല്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ ടീമിലെത്തിച്ചതെന്ന് ബ്ലാസ്റ്റേഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ താങ്‌ബോയ് സിങ്‌തോ അഭിപ്രായപ്പെട്ടു. കൂടുതല്‍ വിദേശതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ പുതിയ സീസണിലേക്കൊരുക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള യുവതാരങ്ങള്‍ക്കും പരിചയ സമ്പന്നരായ വിദേശതാരങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം.















