ബാഴ്സ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക്. ബാഴ്സലോണ വിടാന്‍ താരത്തിന് അനുമതി ലഭിച്ചു. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മറുടെ കൂടുമാറ്റം. ഈ തുക നല്കാന് തങ്ങള്‍ ഒരുക്കമാണെന്ന് പി.എസ്.ജി. അറിയിച്ചു കഴിഞ്ഞു.
പി.എസ്.ജിയില്‍ ചേരാന്‍ ഉറച്ചത് കൊണ്ട് ബുധനാഴ്ചത്തെ ബാഴ്സയുടെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുത്തില്ല. പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കോച്ച് ഏണസ്റ്റോ നെയ്മര്‍ക്ക് അനുമതി നല്‍കിയിരുന്നു. നെയ്മര്‍ക്ക് പകരം മാര്‍ക്കോ വെറാറ്റി, ജൂലിയന്‍ ഡ്രാക്സ്ലര്, എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട് എന്നിവരില്‍ ആരെയെങ്കിലും കൂടി ലഭിക്കണമെന്നൊരു ആവശ്യം ബാഴ്സ പി.എസ്.ജിക്ക് മുന്‍പാകെ വച്ചിട്ടുണ്ട്.
ഈ കൂടുമാറ്റം യാഥാര്‍ത്ഥ്യമായാല്‍ ഇരുപത്തിയഞ്ചുകാരനായ നെയ്മറുടെ മൂന്നാമത്തെ ക്ലബാവും പി.എസ്.ജി. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ കളിച്ചുതുടങ്ങിയ നെയ്മര്‍ 2003ലാണ് ബാഴ്സയില്‍ ചേരുന്നത്. ക്ലബിനുവേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 68 ഗോള്‍ നേടിയിട്ടുണ്ട്.
ഇപ്പോള്‍ ചൈനയിലുള്ള നെയ്മര്‍ അവിടെ നിന്ന് ദുബായിലേയ്ക്ക് പോകുമെന്നും അവിടെ വച്ച് പി.എസ്.ജിയുടെ വൈദ്യ പരിശോധനയ്ക്ക് വിധേയനാവുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.















