അഖില കേസ് : സംസ്ഥാന സർക്കാർ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം : കുമ്മനം

Published by
Janam Web Desk

വടകര : അഖിലാ കേസിൽ ദേശീയ അന്വേഷണ ഏജൻസി ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരി‍ന്‍റെ നിലപാട് തീവ്രവാദികളോടുള്ള മൃദുല സമീപനം മൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാർ ഭീകരവാദികളോട് സന്ധി ചെയ്യുകയാണ്. അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണം. അഖിലയെ മതം മാറ്റിയ ഷഫീൻ ജഹാന്‍റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകൾ ഹൈക്കോടതിയിൽ എത്തിയതാണ്. അത് സർക്കാർ അവഗണിക്കുകയാണ്.

ജിഹാദി ഭീകർക്ക് തേനും പാലും നൽകി അവരെ താരാട്ടി വളർത്തിയത് ഇടത് വലത് മുന്നണികളാണ്. ജിഹാദി ഭീകരർ സൃഷ്ടിക്കുന്ന ഭീഷണി ഇവർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭീകരവാദത്തോട് സന്ധിചെയ്യുന്ന ഇരു മുന്നണികളും നാടിന് ആപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സിപിഎം ഉളളിടത്ത് ബിജെപിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന കോൺഗ്രസിനുള്ള മുന്നറിയിപ്പാണ്. ബിജെപിയെ ഒറ്റക്ക് നേരിടാൻ കഴിവില്ലാത്തതിനാൽ സിപിഎം കോൺഗ്രസിനെ കൂട്ടുപിടിക്കുകയാണ്. സിപിഎം പ്രവർത്തിക്കുന്ന എല്ലായിടങ്ങളിലും ബിജെപി ശക്തമായ സാനിധ്യമാണ്. എന്നാൽ ബിജെപി പ്രവർത്തിക്കുന്ന എവിടെയെങ്കിലും സിപിഎം ഉണ്ടെോയെന്നും അദ്ദേഹം ചോദിച്ചു.

കനത്ത മഴയെ അവഗണിച്ചും ജനരക്ഷായാത്രയിൽ അണിചേർന്ന പതിനായിരങ്ങൾ കേരള ജനതയുടെ നേർസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്രയക്ക് വടകരയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണയോഗമായിരുന്നു വടകരയിലേത്. ന്യൂനപക്ഷ മോർച്ചാ അഖിലേന്ത്യാ അദ്ധ്യക്ഷൻ അബ്ദുൾ റഷീദ് അൻസാരി, റിച്ചാർഡ് ഹേ എംപി, അഡ്വ പിഎസ് ശ്രീധരൻ പിള്ള, വി മുരളീധരൻ, എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, വി കെ സജീവൻ, അഡ്വ. പ്രകാശ് ബാബു, പ്രമീളാ നായിക്, എസ് ശ്യാംകുമാർ, ജിജി ജോസഫ്, രേണു സുരേഷ്, കെ വി സാബു തുടങ്ങിയവർ സംസാരിച്ചു.

 

നേരത്തെ ജില്ലാ അതിർത്തിയായ അഴിയൂരിൽ ജില്ലാ അദ്ധ്യക്ഷൻ ടി പി ജയചന്ദ്രൻ മാസ്റ്റർ, ബിജെപി ദേശീയ സമിതിയംഗം അഡ്വ പി എസ് ശ്രീധരൻപിള്ള, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജിജേന്ദ്രൻ, ടി ബാലസോമൻ, ജില്ലാ ട്രഷറർ ടി വി ഉണ്ണികൃഷ്ണൻ, ഉപാദ്ധ്യക്ഷൻ എം സി ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ യാത്രക്ക് സ്വീകരണം നൽകി

Share
Leave a Comment