കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഘയുടെ മരണത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തില്‍
ആരോപണ വിധേയരായ അദ്ധ്യാപികമാരായ സിന്ധുപോള്‍, ക്രസന്റ് നെവിസ് എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടു പേരും ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഇരുവരെയും പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിച്ചുമാണ് സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചത്.
ആരോപണ വിധേയരായ അദ്ധ്യാപികമാര്‍ക്ക് പൂര്‍ണ പിന്തുണയാണ് സ്കൂള്‍ മാനേജ്മെന്റും നല്‍കുന്നത്. അദ്ധ്യാപികമാരുടെ സസ്പെന്ഷന് കാലയളവ് അവധിയായിട്ടാണ് മാനേജ്മെന്റ് പരിഗണിച്ചിരിക്കുന്നത്. അദ്ധ്യാപികമാരെ തിരിച്ചെടുത്ത സംഭവത്തില്‍ ഗൗരിയുടെ അച്ഛന് പ്രസന്നകുമാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.