ചെങ്ങന്നൂർ: എൻഡിഎ പഞ്ചായത്ത് കൺവെൻഷനുകൾക്ക് തുടക്കമായി. വെൺമണിയിൽ നടന്ന കൺവെൻഷൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച ചെന്നിത്തല പഞ്ചായത്തിൽ നടക്കുന്ന കൺവെൻഷനോടെ പഞ്ചായത്ത് തല കൺവെൻഷനുകൾക്ക് അവസാനമാകും. ജെആർഎസ് സംസ്ഥാന അദ്ധ്യക്ഷ സി കെ ജാനു ചെന്നിത്തലയിലെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വി മുരളീധരൻ എംപി, പി കെ കൃഷ്ണദാസ്, എംടി രമേശ്, കെ സുരേന്ദ്രൻ, ശോഭാസുരേന്ദ്രൻ, ഘടകകക്ഷി നേതാക്കളായ രാജൻ കണ്ണാട്ട്, ആർ പൊന്നപ്പൻ, എം മെഹബൂബ്, കുരുവിള മാത്യൂസ്, കെ കെ പൊന്നപ്പൻ, കെ എ ബാഹുലേയൻ എന്നിവരും ബിജെപി സംസ്ഥാന നേതാക്കളും വിവിധ കൺവെൻഷനുകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 12 മുതൽ 24 വരെ സ്ഥാനാർത്ഥി പര്യടനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഈ മാസം 14,15,16 തിയതികളിലും സുരേഷ് ഗോപി എംപി 12,13,18 തിയതികളിലും മണ്ഡലത്തിൽ പ്രചരണത്തിനെത്തും. കർണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിവിധ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും ചെങ്ങന്നൂരിൽ പ്രചരണത്തിനെത്തും. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ബുധനാഴ്ച രാവിലെ പാണ്ടനാട്ടിലും ഉച്ചയ്ക്ക് ശേഷം തിരുവൻവണ്ടൂരിലും 10ന് ചെന്നിത്തല പഞ്ചായത്തിലും ഗൃഹസമ്പർക്കത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.