Kerala

ജെസ്‌നയുടെ തിരോധാനം; മറ്റു വഴികൾ തേടി പോലീസ്

Published by
Janam Web Desk

പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് രഹസ്യമായി അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു. അതേ സമയം ജസ്‌നയുടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു

കാണാതായി 94 ദിവസങ്ങള്‍ക്ക് ശേഷവും വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ജസ്‌ന ജീവനോടെ ഉണ്ടാകാനുള്ള സാധ്യത വിരളമാണന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം അജ്ഞാത മൃതദേഹങ്ങള്‍ രഹസ്യമായി പരിശോധിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ പരിശോധിച്ചു കഴിഞ്ഞു. പത്തനംതിട്ട എസ് പിയുടെ കീഴിലുള്ള ഒരു സംഘം ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഒരു മൃതദേഹം പരിശോധിക്കുകയാണ്. തമിഴ്‌നാട്, ഗോവ, കര്‍ണാടകം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന.

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹായത്തോടെ മറ്റിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തമിഴ്‌നാട് കാഞ്ചിപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ ലഭിച്ച മൃതദേഹം ജസ്‌നയുടേതല്ലന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്‌ന വീട് വിട്ടിറങ്ങിയത്. ജസ്‌നയുടെ പിതാവ് അടക്കമുള്ള ബന്ധുക്കളെ നേരത്തെ നിരവധി തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് പത്തനംതിട്ട എസ് പി വ്യക്തമാക്കി.

Share
Leave a Comment