കോഴിക്കോട്ടെ രണ്ടാം ഗേറ്റില്‍ ദുര്‍ഗന്ധം വമിക്കുന്ന മീന്‍ചന്തയോട് ചേര്‍ന്നാണ് മാതൃഭൂമി ഓഫീസ്. മീന്‍ചന്തയുടെ ദുര്‍ഗന്ധത്തെ വെല്ലുന്ന, ചന്ദനത്തൈലത്തേക്കാള്‍ സുഗന്ധവാഹിയായ സാഹിത്യ-സാംസ്‌കാരിക നറുമണം പ്രസരിപ്പിച്ച പ്രതിഭാശാലികള്‍ അരങ്ങു വാണിരുന്നതുകൊണ്ട് മാതൃഭൂമിയില്‍ നിന്ന് സുഗന്ധമേ കേരളീയ സമൂഹത്തിലേക്ക് പ്രസരിച്ചിരുന്നുള്ളൂ. മാതൃഭൂമി ഒരു വെറും ദിനപത്രമോ, ആഴ്ചപ്പതിപ്പോ ആയിരുന്നില്ല. മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചുകൊണ്ട് കെ.പി. കേശവമേനോന്‍ എഴുതിയ മുഖപ്രസംഗത്തില്‍ മാതൃഭൂമി എന്തിനുവേണ്ടിയാണ് പ്രസിദ്ധീകരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. കെ. മാധവന്‍ നായരും കേളപ്പജിയും കെ.എ. ദാമോദര മേനോനും കെ.പി. കേശവമേനോനും എ.വി. കുട്ടിമാളു അമ്മയും തുടങ്ങി സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ ദീപസ്തംഭങ്ങള്‍ മാതൃഭൂമിയെ നയിച്ചു. കവിത്രയം മുതല്‍ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ വരെ മാതൃഭൂമിയിലൂടെയാണ് ലോകമറിഞ്ഞത്. ഖസാക്കിന്റെ ഇതിഹാസവും കവിയുടെ കാല്പ്പാടുകളും സ്മാരകശിലകളും ഭാരതപര്യടനവുമൊക്കെ മലയാളി തൊട്ടറിഞ്ഞത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയായിരുന്നു. ദേശീയതയുടെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും ചൈതന്യവത്തായ ശേഷപത്രങ്ങളായിരുന്നു ഓരോ ആഴ്ചപ്പതിപ്പും.
അടുത്തിടെ ഒരു സഹൃദയന്‍ പറഞ്ഞു, ഇപ്പോള്‍ കോഴിക്കോട്ടു നിന്ന് രണ്ട് ‘മാധ്യമം’ ആഴ്ചപ്പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒന്നിന്റെ പേര് മാതൃഭൂമി എന്നാണ്. ടോയ്‌ലറ്റ് കടലാസിന് പോയിട്ട് തറ തുടയ്‌ക്കാനുള്ള നിലവാരം പോലും ഇന്ന് കുട്ടിക്കൃഷ്ണ മാരാരുടെയും എന്‍.വിയുടെയും എം.ടിയുടെയും മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഇല്ലാതായിരിക്കുന്നു. പ്രസ്താവനയുടെ ശരിതെറ്റുകളിലേക്ക് പോകുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി ഈ രാഷ്‌ട്രത്തിന്റെ പുനരുജ്ജീവനത്തിനും പുനര്‍നിര്‍മ്മാണത്തിനും പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും ജീവിത നിവൃത്തിക്കും മോക്ഷപ്രാപ്തിക്കും വേണ്ടി തുടങ്ങിയ മാതൃഭൂമിയ്‌ക്ക് വഴി പിഴച്ചിരിക്കുന്നു. സത്യത്തിനു പകരം അസത്യത്തിന്റെ വഴിയില്‍ പോവുകയും അര്‍ദ്ധസത്യവും അസത്യവും അച്ചടിക്കുകയില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്ത പൂര്‍വ്വസൂരികളുടെ വഴിയില്‍ നിന്ന് മാതൃഭൂമി മാറി നടക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.
അടിമുടി ഹിന്ദു വിരുദ്ധവും സത്യവിരുദ്ധവുമാണ് അതിന്റെ കെട്ടും മട്ടും. സനാതനധര്‍മ്മവും ഹിന്ദുത്വവും എല്ലാ കാലത്തും ശാസ്ത്രസത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതും ധര്‍മ്മാനുസൃതവുമായിരുന്നു. ഗലീലിയോയെയും കോപ്പര്‍ നിക്കസിനെയും സോക്രട്ടീസിനെയും പീഡനത്തിന് വിധേയരാക്കുമ്പോള്‍ ഭാരതത്തില്‍ ചാര്‍വ്വാകന്‍ അടക്കമുള്ള നിരീശ്വരവാദികളും നാസ്തികരും സ്വതന്ത്രരായിരുന്നു. ശ്രീരാമനും ഭരതനും തമ്മിലുള്ള സംവാദത്തില്‍ നാസ്തികരായ ചാര്‍വ്വാകന്മാര്‍ക്കും ക്ഷേമമല്ലേ എന്നും അവരുടെ ആശയങ്ങളൊക്കെ പ്രചരിപ്പിക്കാന്‍ തടസ്സമില്ലല്ലോ എന്നും ചോദിക്കുന്ന ശ്രീരാമന്റെ പ്രജാ താല്പര്യം രാമന്റെ ദുഃഖം എന്ന പേരില്‍ രാഷ്‌ട്രീയ അസംബന്ധം പടച്ചവര്‍ക്ക് അറിയാത്തതല്ല. ആ സനാതന പാരമ്പര്യമാണ് മാതൃഭൂമി ഹിന്ദുവിനെ എത്ര കടന്നാക്രമിച്ചാലും അവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയാലും ഒരു കല്ലുപോലും എറിയാതെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യാന്‍ കാരണം. വെള്ളിമാടു കുന്നിലെ ഒരു അനിഷ്ടസംഭവം ഒഴികെ ‘രാമന്റെ ദുഃഖം’ എവിടെയും എതിര്‍ക്കപ്പെട്ടില്ല. ഒരു രാഷ്‌ട്രീയ ഭോഷ്‌ക്ക് എന്നതിനപ്പുറം അതിനെയാരും കണ്ടതുമില്ല ഗണിച്ചതുമില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എസ്. ഹരീഷിന്റെ നോവല്‍ എന്ന അശ്ലീല സാഹിത്യത്തില്‍ വില്ലന്‍ കഥാപാത്രം ചോദിക്കുന്നു, ‘പെണ്‍കുട്ടികള്‍ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നത്?’ ആറുമാസം മുന്‍പുവരെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു, ‘പ്രാര്‍ത്ഥിക്കാന്‍’ ഞാന്‍ പറഞ്ഞു. ‘അല്ല, നീ ഒന്നുകൂടി സൂക്ഷിച്ച് നോക്ക്. ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞ് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വ്വമായി പ്രഖ്യാപിക്കുകയാണവര്‍’. ഞാന്‍ ചിരിച്ചു – ആ ചിരി കേരളത്തിലെ പൊതുസമൂഹത്തിന്റെ ചിരിയാണ്. ബസ് സ്റ്റാന്‍ഡില്‍ ഒട്ടിച്ചുവയ്‌ക്കുന്ന അശ്ലീലസാഹിത്യത്തിന്റെ നിലവാരത്തേക്കാള്‍ താഴുന്ന രീതിയില്‍ കേരളത്തിന്റെ ഹിന്ദു സമൂഹത്തെക്കുറിച്ച് പറഞ്ഞ ഈ പ്രയോഗം മറ്റേതെങ്കിലും സമൂഹത്തെക്കുറിച്ച് പറയാനുള്ള ധൈര്യം ഈ സാഹിത്യകാരന് ഉണ്ടാകുമോ? പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിലെ ഒരു ഭാഗം ചോദ്യ പേപ്പറ്റില്‍ ഉദ്ധരിച്ച തൊടുപുഴയിലെ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയത് ആരും മറന്നിട്ടില്ല.
ഹിന്ദു സമൂഹം ആ തരത്തിലുള്ളവരല്ല. അതുകൊണ്ടുതന്നെ നോവലിസ്റ്റ് പറഞ്ഞ പരിഹാസച്ചിരിയില്‍ അതിനെ ഒതുക്കുന്നു. ഹിന്ദു സ്ത്രീകള്‍ വൃത്തിയായി ക്ഷേത്രത്തില്‍ പോകുന്നത് ലൈംഗികബന്ധത്തിന് തയ്യാറാണെന്ന് അറിയിക്കാന്‍ ആണെന്ന നോവലിസ്റ്റിന്റെ അഭിപ്രായം ഒരുപക്ഷേ, ആത്മകഥാപരമായിരിക്കാം. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും സാധാരണ കുട്ടികളെ അമ്പലത്തില്‍ കൊണ്ടുപോകുന്നത് അമ്മമാരും പെങ്ങന്മാരുമാണ്. യുവാക്കളാകുമ്പോള്‍ അവര്‍ പലപ്പോഴും ഭാര്യയോടൊപ്പമാണ് അമ്പലത്തില്‍ പോവുക. ഇതൊക്കെ നോവലിസ്റ്റ് പറഞ്ഞ രീതിയിലാണെന്ന അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യത്തെ നമുക്ക് പുച്ഛിച്ച് തള്ളാം. അറിയപ്പെടാത്ത ഒരു എഴുത്തുകാരന് സ്വന്തം കൃതി വിറ്റുപോകാൻ അശ്ലീലവും ഹിന്ദുവിരുദ്ധതയും ചേർക്കുന്ന തറ സംസ്കാരം മാതൃഭൂമി പത്രാധിപ സമിതി തിരിച്ചറിഞ്ഞില്ലായെന്നുള്ളത് അവരുടെ തെറ്റാണ്.
ഈ അശ്ലീലസാഹിത്യം അതേപടി പ്രസിദ്ധീകരിക്കാന്‍ തയ്യാറായ വിവരദോഷി ആരായാലും അയാള്‍ക്കും അമ്മപെങ്ങന്മാര്‍ അമ്പലത്തില്‍ പോകുമ്പോള്‍ ഇതുതന്നെയാണോ തോന്നിയതെന്ന് വ്യക്തമാക്കണം. തന്നെ മതപരിവര്‍ത്തനം ചെയ്യാന്‍ വന്ന മിഷണറി ഗാന്ധിജിയുടെ മുന്നില്‍ അടുക്കിവച്ചിരുന്ന പുസ്തകങ്ങളില്‍ ഏറ്റവും മുകളില്‍ ബൈബിളും ഏറ്റവും അടിയില്‍ ഭഗവത്ഗീതയും ഇരിക്കുന്നതുകണ്ട് ഇതാണ് ശരിയായ ക്രമം ഏറ്റവും മുകളില്‍ ബൈബിള്‍ തന്നെ എന്ന് പറഞ്ഞപ്പോള്‍ എല്ലാറ്റിന്റെയും ആധാരം ഗീതയാണെന്ന് പറഞ്ഞ് തിരിച്ചടിച്ച ഗാന്ധിജിയിലെ മതേതരവാദി ഉയര്‍ത്തിയ സോഷ്യലിസ്റ്റ് സങ്കല്പം രാമരാജ്യമായിരുന്നുവെന്നത് മറക്കരുത്. പുസ്തകം വായിക്കുന്ന, എഴുതുന്ന, ഉല്പതിഷ്ണുവായ രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ എം.പി. വീരേന്ദ്രകുമാറിനോട് ആദരവുണ്ട്.
പുരസ്‌കാരങ്ങള്‍ക്കും ചീപ്പ് പബ്ലിസിറ്റിക്കും രാഷ്‌ട്രീയ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ കുരങ്ങന്മാരെ വെല്ലുന്ന ചാട്ടത്തിലും സഹതാപമുണ്ടെങ്കിലും പുസ്തകം വായിക്കുന്ന ആ രാഷട്രീയക്കാരനെ ആദരിക്കുന്നു. ഹിമാലയസാനുക്കളുടെയും ഹിമഗിരിശൃംഖങ്ങളുടെയും ആത്മീയാനുഭൂതിയും ഉല്‍ക്കൃഷ്ട സൗന്ദര്യവും വരച്ചുകാട്ടിയ വീരേന്ദ്രകുമാര്‍ പത്‌നീസമേതനായി ഓരോ ക്ഷേത്രങ്ങളിലും പോയത് ഈ രീതിയില്‍ തന്നെയായിരുന്നോ എന്ന് ആരെങ്കിലും ചോദിച്ചാല്‍, സംശയിച്ചാല്‍ അത് രാമന്റെ ദുഃഖമല്ല, ഗാന്ധിജിയുടെ ദുഃഖമായിരിക്കും. സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല ഇതിഹാസമായിരുന്ന മാതൃഭൂമിയുടെ പടികടന്നെത്തിയ ഗാന്ധിജി ഇന്നത്തെ നോവല്‍ സംസ്‌കാരം വായിച്ചാല്‍ ഒരിക്കലും പൊറുക്കില്ലെന്നുറപ്പാണ്.
തലമുറകളുടെ മാറ്റമായിരിക്കാം ഈ അപചയത്തിന് കാരണം. മാതൃഭൂമിയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല മനോരമയും എന്ന് അറിയുമ്പോഴാണ് ഈ ജീര്‍ണ്ണതയ്‌ക്കു പിന്നിലെ രാഷ്‌ട്രീയം തിരിച്ചറിയുക. രാഷ്‌ട്രീയമായ എതിര്‍പ്പ് ഒരിക്കലും വൈര്യനിര്യാതനബുദ്ധി ആകരുതെന്ന് ആഗ്രഹിക്കുന്ന, വിശ്വസിക്കുന്ന ജനവിഭാഗമാണ് കേരളത്തിലേത്. ബി.ജെ.പി സംസ്ഥാനപ്രസിഡണ്ട് കുമ്മനം രാജശേഖന്‍ മിസോറാം ഗവര്‍ണ്ണര്‍ ആയപ്പോള്‍ മലയാള മനോരമയിലെ ആക്ഷേപഹാസ്യ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് ഏതു പട്ടിക്കും ഒരു ദിവസമുണ്ടാകും എന്നാണ്. എല്ലാം സ്വന്തം കാല്‍ക്കീഴിലാണെന്ന് മദിച്ച് അഭിമാനിക്കുന്ന ഏത് യുവ പത്രപ്രവര്‍ത്തകനും ഇങ്ങനെ പലതും പറയാന്‍ തോന്നും. കുമ്മനത്തെ ഗുരുതുല്യനായോ സഹോദരതുല്യനായോ കാണുന്ന ആയിരങ്ങള്‍ കേരളത്തിലുണ്ട്. സ്വന്തം ജീവിതം ഒരു തപസ്സുപോലെ സാമൂഹ്യപ്രവര്‍ത്തനത്തിന് ഉപയോഗിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനമമേഖലയില്‍ അന്നദാനപ്പുരകള്‍ മുതല്‍ അനാഥാലയങ്ങള്‍ വരെ ഉണ്ടായിരുന്നു. തന്റെ പ്രവര്‍ത്തനവീഥിയിലെ അവസാനത്തെ താവളം മാത്രമായിരുന്നു രാഷ്‌ട്രീയം.
അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ ശ്വാനനോട് ഉപമിച്ച മനോരമയ്‌ക്ക് അത് പിന്‍വലിച്ച് മാപ്പ് പറയാനുള്ള മര്യാദപോലും ഉണ്ടായില്ല. അവതാരകന്‍ പിതൃതുല്യരായവരെയൊക്കെ ഈ രീതിയില്‍ പരാമര്‍ശിക്കുന്നതുകൊണ്ട് മാപ്പു പറയുന്നത് തെറ്റാണെന്ന് കരുതിയിരിക്കാം. പക്ഷേ, ഉത്തരവാദിത്തമുള്ള ഒരു മാധ്യമസ്ഥാപനം എന്ന നിലയില്‍ അത് പിന്‍വലിക്കാനുള്ള ആര്‍ജ്ജവം മനോരമ കാട്ടണമായിരുന്നു. 1947 ആഗസ്റ്റ് 15 ന് തലേദിവസം വരെയുള്ള മനോരമയില്‍ ഗാന്ധിജിയെ മിസ്റ്റര്‍ ഗാന്ധി എന്നാണ് വിളിച്ചിരുന്നത്. ദേശീയതയോടും ദേശീയ പുരുഷന്മാരോടും സ്വാതന്ത്ര്യസമരത്തോടും മനോരമയുടെ നിലപാട് എന്തായിരുന്നു എന്ന് ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകനായ ജി. ശക്തിധരന്‍ എഴുതിയ ‘വിഷവൃക്ഷത്തിന്റെ അടിവേരുകള്‍’ തുറന്നുകാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് ഇങ്ങനെയുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഹിന്ദി വാര്‍ത്തകള്‍ മൊഴിമാറ്റം ചെയ്ത്, വളച്ചൊടിച്ച് അസത്യവും അബദ്ധജഡിലവുമായ പ്രഭാഷണങ്ങളിലൂടെ മനോരമ നരേന്ദ്രമോദിയ്‌ക്ക് എതിരെ വിഷം ചീറ്റുമ്പോള്‍ ഒരുകാര്യം മറക്കരുത്. ചികഞ്ഞാല്‍ പുറത്തുവരാന്‍ പലതും പലേടത്തുമുണ്ട് എന്ന കാര്യം. ഒരിക്കല്‍ ഗാന്ധിജിയെ നിന്ദിച്ചവര്‍ സ്വാതന്ത്ര്യസമരക്കുപ്പായം എടുത്തണിയുന്നതും ഗാന്ധിജിയുടെ പാദസ്പര്‍ശം കൊണ്ട് കോരിത്തരിച്ച കോണിപ്പടികള്‍ സ്മാരകമാക്കിയവര്‍ അദ്ദേഹത്തിന്റെ സനാതനസങ്കല്പത്തെ തച്ചുതകര്‍ക്കുന്നതും ഗാന്ധിജിയുടെ ദുഃഖമാണ്.















