മദ്ധ്യപ്രദേശിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകന് വധശിക്ഷ : രണ്ടു മാസം കൊണ്ട് വിചാരണയും വിധിയും

Published by
Janam Web Desk

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ സത്നയിൽ നാലു വയ്യസ്സുകാരിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകന് വധശിക്ഷ. കഴിഞ്ഞ ജൂലൈ ഒന്നിനു നടന്ന സംഭത്തിൽ രണ്ടു മാസം കൊണ്ടാണ് ‌അഡീഷണൽ ജില്ലാ ജഡ്ജി വിധി പ്രഖ്യാപിച്ചത്. മഹേന്ദ്രസിംഗ് ഗോണ്ട് എന്ന ഇരുപത്തിമൂന്നുകാരനെയാണ് വധശിക്ഷക്ക് വിധിച്ചത്.

ഇരയാക്കപ്പെട്ട കുഞ്ഞ് ഇതുവരെ പൂർണമായും അപകട നില തരണം ചെയ്തിട്ടില്ല. പ്രതിക്ക് 7 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനാണ് തടവു ശിക്ഷയും വിധിച്ചത്. പോക്സോ നിയമപ്രകാരവും 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെതിരെ ഈയടുത്ത് നിയമമാക്കിയ ഐപിസി 376 എബി നിയമപ്രകാരവുമാണ് വിധി.

ഇരയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന പ്രതി ഇത് മുതലെടുത്താണ് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ഇയാൾ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഗ്രാമവാസികളും മാതാപിതാക്കളും നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

2017 ഡിസംബറിൽ ബാലിക പീഡനത്തിനെതിരെ മദ്ധ്യപ്രദേശിൽ ശക്തമായ നിയമം കൊണ്ടുവന്നിരുന്നു. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയതും മദ്ധ്യപ്രദേശിലാണ്. പിന്നീട് കേന്ദ്രസർക്കാർ ഐപിസി നിയമത്തിൽ ഭേദഗതി വരുത്തി ഈ നിയമം കൂട്ടിച്ചേർക്കുകയായിരുന്നു.

Share
Leave a Comment