ആയുഷ്മാന്‍ ഭാരത് പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ സൗജന്യചികിത്സ നേടിയവരുടെ വിവരങ്ങള്‍ പങ്കുവച്ച് ആസാം

Published by
Janam Web Desk

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബൃഹത്തായ ആരോഗ്യ പദ്ധതി ആയുഷ്മാന്‍ ഭാരതിന്റെ ഓദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ പദ്ധതിയുടെ ആനുകൂല്യം സ്വന്തമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍. പദ്ധതി ഉദ്ഘാടനത്തിന് മിനിട്ടുകള്‍ക്ക് പിന്നാലെ ആസാമില്‍ ആയുഷ്മാന്‍ ഭാരത് പ്രയോജനപ്പെടുത്തിയവരുടെ വിവരങ്ങള്‍ ആസാമിലെ ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ പങ്ക് വച്ചു. ആസാമിലെ വിവിധ ആശുപത്രികളില്‍ വ്യത്യസ്ത രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമായ അഞ്ച് പേരുടെ വിവരങ്ങളാണ് അദ്ദേഹം പങ്കു വച്ചത്. ആദ്യ മിനിട്ടുകളില്‍ പദ്ധതി സ്വന്തമാക്കിയവരാണിവര്‍. ഇവര്‍ക്ക് രാജ്യത്തെവിടെയും സൗജന്യ ചികിത്സ ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും വലിയ സ്വീകാര്യതയാണ് ഈ ആരാഗ്യ പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്.

ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഇന്നലെയാണ് പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഉദ്ഘാടനം ചെയ്തത്. പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്‌ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകുകയും ചെയ്യും. ആശുപത്രിയില്‍ കിടത്തി ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചിലവുകള്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാണ്.

Share
Leave a Comment