അഭിലാഷിനെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു; പ്രാഥമിക വൈദ്യസഹായം നല്‍കി

Published by
Janam Web Desk

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പെട്ട അഭിലാഷ് ടോമിയെ ഈല്‍ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചു. ഇവിടെ അദ്ദേഹത്തിന് പ്രാഥമിക വൈദ്യസഹായം നല്‍കി. ഇവിടെ നിന്നും ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷം മൗറീഷ്യസിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സത്പുരയിലാണ് ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും മൗറീഷ്യസിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ നിന്നും വിമാനമാര്‍ഗം അഭിലാഷിനെ ചെന്നൈയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് മൗറീഷ്യസിലേക്ക് 3111 കിലോമീറ്റര്‍ ദൂരമാണുള്ളത്. പരമാവധി വേഗതയില്‍ സഞ്ചരിച്ചാലും മൂന്ന് ദിവസമെടുത്ത് മാത്രമേ ഇവിടെ എത്തിക്കാനാകു. വിമാനം ഇറക്കാനാകുന്ന ഏറ്റവും അടുത്തുള്ള സ്ഥലം മൗറീഷ്യസ് ആയതിനാലാണ് ഇവിടേക്ക് കൊണ്ടു പോകുന്നത്.

ഫ്രഞ്ച് യാനമായ ഓസിരിസാണ് അഭിലാഷിനെ തിങ്കളാഴ്ച ഉച്ചയോടെ രക്ഷിച്ചത്. അപകടത്തില്‍ പെട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിലാഷിനെ രക്ഷിക്കാന്‍ സാധിച്ചത്. ഓസിരിസില്‍ നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്റെ പായ്‌വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം സ്‌ട്രെക്ച്ചറിന്റെ സഹായത്തോടെ കപ്പലില്‍ എത്തിക്കുകയായിരുന്നു. പായ്മരം ഒടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അഭിലാഷ്.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് മത്സരം ആരംഭിച്ചത്. കനത്ത കാറ്റിലും തിരമാലയിലും പെട്ട് പായ്‌വഞ്ചി തകരുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നത്. ആദ്യമായി പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിയ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.

Share
Leave a Comment