മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് ദിനം വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ യാത്രാനിരക്കിൽ ഇളവുമായി മുംബൈ മെട്രോ. മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന മേഖലയിൽ ടിക്കറ്റ് നിരക്കിൽ 10 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
മെട്രോ ലൈൻ 2 എയിലും ലൈൻ 7ലും യാത്ര ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംഎംഒസിഎൽ) ആണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അന്ധേരിയ്ക്കും (പടിഞ്ഞാറ്) ദഹിസാറിനും (ഈസ്റ്റ്) ഇടയിലാണ് മെട്രോ ലൈൻ 2 എ. ദഹിസാറിനും (കിഴക്ക്) അന്ധേരിക്കും (കിഴക്ക്) ഇടയിലാണ് ലൈൻ 7.
മെട്രോ യാത്രക്കാരെ അവരുടെ പൗരധർമ്മം നിറവേറ്റുന്നതിനും തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ ശ്രമം പോളിംഗ് ശതമാനം ഉയർത്തുമെന്ന പ്രതീക്ഷയും മെട്രോ പങ്കുവെക്കുന്നു. മെട്രോ വൺ കാർഡ് ഉപയോഗിക്കുന്നവർക്കും പേപ്പർ ടിക്കറ്റും പേപ്പർ ക്യൂആറും ഉപയോഗിക്കുന്നവർക്കും ഇളവ് ലഭിക്കും.