പത്തനംതിട്ട : സന്നിധാനത്ത് ശരണം വിളിച്ചതിന് അറസ്റ്റിലായ അയ്യപ്പഭക്തർക്കും ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവേ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറീ കെ .സുരേന്ദ്രനും കോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കരുതെന്ന പൊലീസിന്റെ വാദം കോടതി തള്ളി. പത്തനം തിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഈ മാസം 17 ന് നിലയ്ക്കലിൽ വച്ചാണ് ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.കരുതൽ തടങ്കൽ എന്ന പേരിലായിരുന്നു സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. തൊട്ടടുത്ത ദിവസമാണ് സന്നിധാനത്ത് ശരണം വിളിച്ച 69 അയ്യപ്പന്മാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മഴയത്ത് അരവണ കൗണ്ടറിനു സമീപം ഒതുങ്ങി നിന്ന ഭക്തരെ ഇറക്കിവിടാൻ പൊലീസ് ശ്രമിച്ചിരുന്നു.ഇതിനെതിരെ വലിയ നടപ്പന്തലിൽ യാതൊരു പ്രകോപനവും കൂടാതെ ശരണം വിളിച്ചിരുന്ന അയ്യപ്പന്മാരെയാണ് അറസ്റ്റ് ചെയ്തത്.
ശരണം മന്ത്രം വിളിക്കുന്ന ഭക്തരോട് ഉടൻ അത് അവസാനിപ്പിച്ച് മടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഹരിവരാസനം പാടി നട അടയ്ക്കുന്നവരെ തങ്ങൾ ശരണം ചൊല്ലി വലിയ നടപ്പന്തലിൽ തുടരുമെന്നായിരുന്നു ഭക്തരുടെ നിലപാട്.
തുടർന്നാണ് ഹരിവരാസനം കഴിഞ്ഞ ഉടൻ അയ്യപ്പന്മാരെ അറസ്റ്റ് ചെയ്തത്.ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്.