സുമോ, ബോള്‍ട്ട് തുടങ്ങിയ റ്റാറ്റയുടെ ഹിറ്റ് മോഡലുകളടക്കം വിവിധ മോഡലുകളുടെ ഉത്പാദനം നിര്‍ത്തലാക്കുന്നു. 2019 ലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മോഡലുകള്‍ നവീകരിക്കാത്തതിനാലാണ് വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. മോഡലുകള്‍ നവീകരിക്കാന്‍ കമ്പനിക്ക് പദ്ധതികളൊന്നും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
2011 നവംബറിലാണ് സുമോ അവസാനമായി നവീകരിച്ചത്. റ്റാറ്റാ സുമോ ഗോള്‍ഡ് എന്ന പേരിലായിരുന്നു അത് പുറത്തിറക്കിയത്. 2019 ലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാലാണ് ഇത് നിര്‍ത്തലാക്കുന്നത്. മാര്‍ച്ച് 2019 ല്‍ മോഡലിന്റെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, 2014 ല്‍ പുറത്തിറക്കിയ റ്റാറ്റയുടെ ബോള്‍ട്ടിന്റെ ഉത്പാദനവും കമ്പനി നിര്‍ത്തലാക്കുന്നുണ്ട്. റ്റാറ്റായുടെ X1 രൂപകല്‍പനയാണ് ബോള്‍ട്ടിലുള്ളത്. പുതിയ ആല്‍ഫ പ്ലാറ്റ്‌ഫോമിലേയ്‌ക്ക് നവീകരിക്കില്ലെന്നതാണ് ബോള്‍ട്ട് കാലഹരണപ്പെടാന്‍ കാരണം. ബോള്‍ട്ടിന് പുതിയ ആള്‍ട്ട്‌റോസ് ഹാച്ച്ബാക്ക് പകരക്കാരനാകും.
ഈ മോഡലുകള്‍ക്ക് പുറമെ റ്റാറ്റാ സെസ്റ്റും, സഫാരി എസ് യു വി എന്നീ മോഡലുകളുടെ ഉത്പാദനവും കമ്പനി നിറുത്തലാക്കുന്നുണ്ട്. നിലവിലുള്ള സ്റ്റോക്ക് തീരുന്നത് വരെ വിപണിയില്‍ നിലനിറുത്തുമെന്നാണ് കമ്പനി പറയുന്നത്.
എന്നാല്‍ റ്റാറ്റായുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിര്‍ണ്ണായക തീരുമാനമാണ് കുഞ്ഞന്‍ കാറായ നാനോയെ പിന്‍വലിക്കുന്നുവെന്നത്. നാനോയുടെ ഉത്പാദനം നിര്‍ത്തിക്കഴിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്.















