വിളർച്ചയാണോ പ്രശ്നം, പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ട്

Published by
Janam Web Desk

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് വിളര്‍ച്ച. പുരുഷന്‍മാരില്‍ 13g/dl ല്‍ താഴെയും സ്ത്രീകളില്‍ 12g/dl ല്‍ താഴെയും ഗര്‍ഭിണികളില്‍ 11dg/dl ല്‍ താഴെയുമാണ് ഹീമോഗ്ലോബിന്റെ അളവെങ്കില്‍ അവര്‍ക്ക് അനീമിയ ഉണ്ടെന്ന് പറയാം.

പല കാരണങ്ങളാലും വിളര്‍ച്ച ഉണ്ടാവാറുണ്ടെങ്കിലും ഇരുമ്പിന്റെ അഭാവം മൂലമാണ് പലര്‍ക്കും ഹീമോഗ്ലോബിന്‍ കുറയുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ ഇരുമ്പ് അടങ്ങിയ ആഹാരങ്ങള്‍ ധാരാളമായി കഴിക്കണം. ഇരുമ്പ് അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പയറുവര്‍ഗങ്ങള്‍

ചുവന്ന രക്താണുക്കളുടെ വര്‍ദ്ധനവിന് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് പയറു വര്‍ഗങ്ങള്‍. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും ബീന്‍സ്, നിലക്കടല എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

2. മാതളം

വിളര്‍ച്ചയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഫലവര്‍ഗമാണ് മാതളം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. കാത്സ്യം, അന്നജം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ മാതളം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

3. ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴിയും രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കും. ഇരുമ്പിനു പുറമെ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ട് പതിവാക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

4. ക്യാരറ്റ്

ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ച തടയാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും ഉന്മേഷം വര്‍ധിക്കാനും ക്യാരറ്റ് പതിവാക്കുന്നത് നല്ലതാണ്.

5. ഈന്തപ്പഴം

ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. വിളര്‍ച്ച തടയാന്‍ ഈന്തപ്പഴം വളരെ മികച്ചതാണ്. അന്നജം, റൈബോഫ്ളാബിന്‍, കാത്സ്യം എന്നിവയാലും സമ്പന്നമാണ് ഈന്തപ്പഴം.

6. തണ്ണിമത്തന്‍

വിറ്റാമിന്‍ സി, അയണ്‍ എന്നിവ ധാരാളം അടങ്ങിയ പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കും. വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്.

7. ചീര

ഇരുമ്പിന്റെ ഉറവിടമാണ് ചീര. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ വേണ്ടതെല്ലാം ചീരയിലുണ്ട്.

8. പച്ചക്കറി

 

 

 

 

ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ വര്‍ധിക്കാന്‍ പ്രധാനമായി വേണ്ടത് ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക്ക് ആസിഡിന്റെ കുറവ് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയ്‌ക്കുന്നതിന് കാരണമാകും. പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് ഫോളിക് ആസിഡിന്റെ കുറവ് നികത്തുന്നു. ബ്രോക്കോളി, വെണ്ടയ്‌ക്ക, പച്ച നിറത്തിലുള്ള ഇലക്കറികള്‍, തക്കാളി എന്നിവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

9. പഴവര്‍ഗങ്ങള്‍

വിറ്റാമിന്‍ സി ശരീരത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.

Share
Leave a Comment