ന്യൂ ഡല്‍ഹി: നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരുനേതാവിനെതിരെ ആവനാഴിയില്‍ അവശേഷിക്കുന്ന അസ്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും അതെല്ലാം പുഷ്പഹാരമാക്കി മാറ്റിയാണ് മോദിയെന്ന അതിമാനുഷന്‍ ജൈത്രയാത്ര തുടരുന്നത്. ഇത് തിരിച്ചറിയാനാകാതെ പോയതാണ് തുടര്‍ച്ചയായി രണ്ടാം തവണയും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.
സ്വന്തം മണ്ഡലമായ അമേഠിപോലും രാഹുലിനെതിരെ ‘വിരല്‍’ ചൂണ്ടിയിരിക്കുന്നു. പ്രതിപക്ഷ പദവി ലഭിക്കണമെങ്കില്‍ 54 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 44 സീറ്റുമാത്രം നേടിയ കോണ്‍ഗ്രസിന് ഇത്തവണയും 54 സീറ്റുകള്‍ നേടുകയെന്നത് വിദൂര സാധ്യത മാത്രമാണ്. എന്‍ഡിഎ സര്‍ക്കാരിനെ അട്ടിമറിച്ച് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്ന് സ്വപ്നം കണ്ട കോണ്‍ഗ്രസിന് സ്വപനം കാണാന്‍ പോലും കഴിയാത്ത തിരിച്ചടിയാണ് ലഭിച്ചത്.
ഹിന്ദി ഹൃദയ ഭൂമിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച കോണ്‍ഗ്രസിന് അമിത ആത്മവിശ്വാസമായതാണ് ലോക്സഭയില്‍ പ്രതിപക്ഷ സ്ഥാനം പോലും നഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. അവസാനം നരേന്ദ്ര മോദിയെന്ന നേതാവിനു മുന്നില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും എല്ലാ അര്‍ത്ഥത്തിലും മുട്ടുമടക്കുകയായിരുന്നു.