ഇന്ന് വായനാദിനം

Published by
Janam Web Desk

ഇന്ന് വായനാ ദിനം. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്.

1909 മാര്‍ച്ച് ഒന്നിനാണ് പി.എന്‍ പണിക്കര്‍ ജനിച്ചത്. ചെറുപ്പകാലം മുതല്‍ തന്നെ തന്റെ ജീവിതം വായനയ്‌ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ പതനേഴാം വയസില്‍ സനാതനധര്‍മ്മം എന്ന പേരില്‍ അദ്ദേഹം ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്തു.

സാക്ഷരതാ നിര്‍മ്മാര്‍ജനത്തിനായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയ്‌ക്ക് രൂപം നല്‍കിയതും അദ്ദേഹമാണ്. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവില്‍ വന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ്. മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാല സംഘത്തിന്റേയും സ്റ്റേറ്റ് റിഡേഴ്‌സ് സെന്ററിന്റെ ഓണറി എക്‌സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാന്‍ഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്‌ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വായനാദിനവും.

Share
Leave a Comment