തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതന പരാമര്‍ശത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. സുധാകരന് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കി. മന്ത്രി ആരുടെയും പേരെടുത്ത് പറഞ്ഞല്ല പരാമര്‍ശം നടത്തിയതെന്നും ടിക്കാറാം മീണ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കളക്ടറോടും ഡിജിപിയോടും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കളക്ടര്‍ കഴിഞ്ഞ ദിവസം ടിക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കിയത്. മന്ത്രി ദുരുദ്ദേശ്യത്തോടെ നടത്തിയ പരാമര്‍ശമല്ലെന്നും അതിനാല്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് എത്തുന്നതെന്നാണ് ടിക്കാറാം മീണ വ്യക്തമാക്കിയത്.
പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന പരാമര്‍ശമാണ് ജി സുധാകരന് നടത്തിയത്. തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബ യോഗത്തിനിടയിലായിരുന്നു പരാമര്‍ശം. കള്ളം പറഞ്ഞും മുതലക്കണ്ണീര് ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.