ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ

Published by
Janam Web Desk

ഇന്ന് ദേശീയ ഏകതാ ദിനം. രാഷ്‌ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയ പുത്രൻ സർദാർ വല്ലഭഭായി പട്ടേലിന്റെ ജന്മവാർഷികം. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് കരുത്തുറ്റ അടിത്തറ പാകുന്നതിൽ സർദാർ പട്ടേലെന്ന ഉരുക്കു മനുഷ്യന്റെ വിട്ടുവീഴ്‍ചയില്ലാത്ത നേതൃത്വം അനിഷേധ്യമായിരുന്നു.

ചേർക്കേണ്ടതിനെ ചേർത്തും അകറ്റേണ്ടവയെ ചങ്കുറപ്പോടെ വേർപെടുത്തിയും ആധുനിക ഭാരതത്തെ രൂപപ്പെടുത്തിയ ക്രാന്തദർശി. പ്രതിച്ഛായ നഷ്ടമാകാതിരിക്കാൻ പ്രീണനങ്ങൾക്ക് പിറകെ പോയ രാഷ്‌ട്രീയ ബിംബങ്ങളുടെ കണ്ണിലെ കരടായിരുന്നു എന്നും സർദാർ പട്ടേൽ.

രൂപവും ഭാവവും ശാന്തത പ്രതിഫലിപ്പിക്കുമ്പോഴും ഉള്ളിലെ നിശ്ചയദാർഢ്യത്തിന് കാരിരുമ്പിന്റെ കരുത്തു തന്നെയായിരുന്നു. ഇതേ നിശ്ചയദാ‍ർഢ്യം ഒന്നുകൊണ്ട് മാത്രമാണ് ഗുജറാത്തിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച പട്ടേൽ സ്വപ്രയത്നം കൊണ്ട് ബാരിസ്റ്റർ പഠനത്തിനായി ലണ്ടനിലെത്തിയതും 36 മാസം ദൈർഘ്യമുള്ള പഠനം വെറും 30 മാസം കൊണ്ട് പൂർത്തിയാക്കിയതും.

ബ്രിട്ടീഷ് രാജ് ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്നിച്ചപ്പോഴും ക്വിറ്റ് ഇന്ത്യ സമരത്തിനും ബ‍ർദോളി സത്യാഗ്രഹത്തിനും നേതൃനിരയിൽ നിൽക്കുമ്പോഴുമെല്ലാം പട്ടേലിനെ വ്യത്യസ്തനാക്കിയതും അനുരഞ്ജനങ്ങൾക്ക് വശംവദനാകാത്ത സ്വഭാവസവിശേഷത തന്നെയായിരുന്നു. അധികാര വടംവലികൾക്കോ സ്ഥാനമാനങ്ങൾക്കോ പിന്നാലെ പോകാതെ ദേശീയോദ് ഗ്രഥനത്തിനായി മാത്രം നിലകൊണ്ട പട്ടേൽ 1946ലെ കോൺഗ്രസ്സ് പ്രസിഡൻസി തെരഞ്ഞെടുപ്പിൽ ഗാന്ധിജിയുടെ ആഗ്രഹപ്രകാരം നെഹ്റുവിനായി വഴിമാറി.

രാജ്യത്തെ ആദ്യ പ്രധാനമന്ത്രി പദമെന്നത് അന്ന് പട്ടേലിന് അത്ര വിദൂരമായിരുന്നില്ല. ഡോക്ടർ രാജേന്ദ്രപ്രസാദിനെപ്പോലെയും ‍ജെആർഡി റ്റാറ്റയെപ്പോലെയുമുള്ള നിരവധി ദേശസ്നേഹികൾ നെഹ്രുവിനെക്കാൾ മികച്ച പ്രധാനമന്ത്രിയാകുമായിരുന്നു പട്ടേൽ എന്ന് ആവർത്തിച്ച് പറഞ്ഞത് ഇന്നും ചരിത്രത്തിൽ പ്രതിധ്വനിക്കുന്നു.

മാറ്റിനിർത്തപ്പെടേണ്ടതോ പിന്നിൽ ചേർക്കേണ്ടതോ അല്ല സർദാർ വല്ലഭഭായി പട്ടേലിന്റെ ജീവിതവും സേവനങ്ങളുമെന്ന നിലപാടിലാണ് 2014 മുതൽ മോദി സർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഏകതാ ദിവസമായി ആചരിക്കാൻ തീരുമാനിച്ചത്.

Share
Leave a Comment