മുംബൈ: റെക്കോര്‍ഡ് നേട്ടത്തോടെ കുതിച്ചുയര്‍ന്നു ഓഹരിവിപണി. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ 25,000 കോടി രൂപയുടെ പക്കേജ് അനുവദിച്ചതാണ് വിപണിയെ സ്വാധീനിച്ചത്.
215.02 പോയന്റ് നേട്ടത്തില്‍ 40,684.80ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 12016.10 നിലവാരത്തിലുമെത്തി. നിഫ്റ്റി റിയാല്‍റ്റി സൂചിക 2.7 ശതമാനം ഉയര്‍ന്നു. ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്, ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്, ശോഭ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്ക് രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടായി.
ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. പിഎന്‍ബി ഹൗസിങ് ഫിനാന്‍സ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ് എന്നീ ഓഹരികള്‍ യഥാക്രമം നാലും അഞ്ചും ശതമാനം നേട്ടത്തിലാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക് എന്നിവ നേട്ടത്തിലാണ്.
പത്ത് വ്യാപാര ദിനങ്ങളില്‍ ഒമ്പത് ദിവസവും സെന്‍സെക്സ് നേട്ടത്തിലാണ് അവസാനിച്ചത്.