മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പു സംബന്ധിച്ച തീരുമാനം സുപ്രീം കോടതി ചൊവ്വാഴചത്തേക്ക് മാറ്റിയതോടെ എംഎല്‍എമാരെ ഹോട്ടലില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച് ശിവസേന. നേരത്തെ താമസിപ്പിച്ചിരുന്ന ലളിത് ഹോട്ടലില്‍ നിന്ന് ലമണ്‍ ട്രീ ഹോട്ടലിലേക്കാണ് ശിവസേന എം.എല്‍.എമാരെ മാറ്റിയത്.
അതേസമയം, അജിത് പവാറിനെ പിന്തുണച്ച എന്‍സിപി എംഎല്‍എയെ ശിവസേനാ നേതാക്കള്‍ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. ഡല്‍ഹിയിലേക്ക് പോകാനുള്ള നീക്കം തടഞ്ഞ് അദ്ദേഹത്തെ എന്‍സിപി എംഎല്‍എമാരെ താമസിപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി. രാഷ്ട്രീയ നേതാക്കളുടെ കൂറുമാറ്റവും അവരെ തിരിച്ചു പിടിക്കാനുള്ള മറ്റു നേതാക്കളുടെ ഗുണ്ടായിസവുമാണ് മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത്.
അജിത് പവാറിന്റെ പിന്തുണയോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചതിനെതിരെ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു മൂന്നുപാര്‍ട്ടികളും ആവശ്യപ്പെട്ടത്.
എന്നാല്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ വേണോ വേണ്ടയോ എന്ന വിഷയം പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. 288 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്.