ന്യൂഡല്‍ഹി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ഗൂഢാ
ലോചനയുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവന തെറ്റെന്ന് തെളിയുന്നു. തൃപ്തി ദേശായി നവംബര്‍ 20ന് ശേഷം ശബരിമല സന്ദര്‍ശിക്കാനെത്തുമെന്ന വാര്‍ത്ത ദേശീയ മാദ്ധ്യമങ്ങള്‍ ഒരാഴ്ച മുന്‍പു തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതിനിടെയാണ് തൃപ്തിയുടെ നീക്കങ്ങള്‍ പുറത്തുവിട്ടതിന് ജനം ടിവിയെ പരോക്ഷമായി വിമര്‍ശിച്ച് കടകംപള്ളി രംഗത്തെത്തിയത്.
നവംബര്‍ 20ന് ശേഷം ശബരിമല സന്ദര്‍ശിക്കുമെന്നും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞതായി നവംബര്‍ 16നാണ് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷ നല്കാന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും താന്‍ ശബരിമലയില്‍ പോകുമെന്നാണ് അന്ന് ഇവര്‍ പ്രതികരിച്ചത്. എന്നാല്‍ തൃപ്തിയുടെ വരവ് ഒരു മാദ്ധ്യമം മാത്രമെ അറിഞ്ഞുള്ളൂ എന്നാണ് മന്ത്രി പറഞ്ഞത്.
ശബരിമലയില്‍ ആചാരലംഘനം നടത്താനായി തൃപ്തി ദേശായിയും സംഘവും എത്തുമെന്ന് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ സൂചന നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരോ പോലീസോ ഇതു സംബന്ധിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് തൃപ്തിയുടെ വരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ശബരിമല ആചാരലംഘനത്തിനുള്ള പദ്ധതിയുമായി തൃപ്തിദേശായി കേരളത്തിലെത്തിയത്. തൃപ്തിക്കൊപ്പം കഴിഞ്ഞ തവണ ശബരിമലയില്‍ ആചാരലംഘനം നടത്തിയ ബിന്ദു അമ്മിണിയും ഭൂമാതാ ബ്രിഗേഡ്സിന്റെ മറ്റ് നാല് പ്രവര്‍ത്തകരും ഉണ്ടായിരുന്നു.